15 June, 2021 05:01:04 PM


കടൽക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ നടപടികൾ ഒഴിവാക്കി

ന്യൂഡൽഹി: കടൽക്കൊല കേസിൽ   ഇറ്റാലിയൻ നാവികര്‍ക്കെതിരായ ക്രിമിനൽ നടപടികൾ ഒഴിവാക്കി.  ഇന്ത്യയിലെ വിചാരണ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി.നഷ്ടപരിഹാരത്തുക ഇരകൾക്ക് കൈമാറുന്നതിന്റെ ഉത്തരവാദിത്വം കേരള ഹൈകോടതിക്കെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇത് പ്രകാരം നഷ്ടപരിഹാര തുകയായ  10 കോടി രൂപ  കേരള ഹൈക്കോടതി രജിസ്ട്രിക്ക്  കൈമാറും. വിചാരണ നടപടികൾ ഇറ്റലിയിൽ തുടരുമെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നടപടികളോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി നിരീക്ഷിച്ചു.സുപ്രീംകോടതിയിലെ കേസ് നടപടികൾ അവസാനിപ്പിച്ചതിനാൽ  ഡൽഹി കോടതിയിലെ മറ്റ് ക്രിമിനൽ നടപടികളും അവസാനിച്ചു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും  ലഭിക്കുന്ന വിധത്തിൽ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചിട്ടുള്ളത്.


2012 ഫെബ്രുവരി 15 നാണ് സെന്‍റ് ആന്‍റണീസ് എന്ന ബോട്ടിലെ ജീവനക്കാരെ ഇറ്റാലിയൻ കപ്പൽ എൻട്രിക്ക ലെക്സിയിലെ നാവികർ വെടിവെച്ചു കൊന്നത്.  നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോണിൻ, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു പ്രതികൾ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ വർഷം മേയ് 21 ന് ട്രൈബ്യൂണൽ വിധി പ്രസ്ഥാവിക്കുകയായിരുന്നു.


സുപ്രീം കോടതിയിൽ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി അന്ന് വ്യക്തമാക്കിയിരുന്നത്. നഷ്ടപരിഹാര തുക ഇറ്റലി കെട്ടിവച്ചതായി കേന്ദ്രസർക്കാർ അറിയിക്കുകയും നഷ്ടപരിഹാരം സ്വീകരിക്കാൻ ഒരുക്കമാണെന്ന് കക്ഷികൾ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K