24 September, 2021 05:09:51 PM


1

ഏറ്റുമാനൂര്‍: കേരളത്തിലെ 44 നദികളും മലിനീകരിക്കപ്പെട്ടതാണെന്നും അതില്‍ കോട്ടയത്തിന്‍റെ ജീവനാഡിയായ മീനച്ചിലാര്‍ ഉള്‍പ്പെടെ ആറെണ്ണത്തിന്‍റെ സ്ഥിതി ഗുരുതരമാണെന്നുമുള്ള ജലവിഭവ വിനിയോഗകേന്ദ്രത്തിന്‍റെ (സി.ഡബ്ല്യു. ആര്‍.ഡി.എം.) റിപ്പോര്‍ട്ട് വന്നിട്ട് വര്‍ഷം നാല് കഴിഞ്ഞു. പക്ഷെ നദികളെ രക്ഷിക്കാന്‍ എടുക്കുന്ന നടപടികള്‍ ഒന്നും തന്നെ മുന്നോട്ട് ചലിക്കുന്നില്ല. 2009 മുതല്‍ 2017 വരെ നദികളില്‍ നടത്തിയ പരിശോധനകളിലെ കണ്ടെത്തലുകളായിരുന്നു ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ജനവാസമേഖലകളിലൂടെ ഒഴുകുന്നതും ജനങ്ങളുടെ ഇടപെടല്‍ കൂടുന്നതുമാണ് ഈ പുഴകളുടെ ദുര്യോഗത്തിനു കാരണമെന്നായിരുന്നു പ്രധാന കണ്ടെത്തല്‍. ഉദ്ഭവസ്ഥലത്തെ വനശോഷണം കൊണ്ട് നദികളിലെ നീരൊഴുക്ക് വളരെക്കുറഞ്ഞു. മണ്ണും കല്ലും വാരിയെടുത്ത് കുഴിയായി മാറിയ നദിയില്‍ കറുത്തിരുണ്ട വെള്ളമാണ്. വീടുകള്‍, കടകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി എവിടെയുമുണ്ടാകുന്ന മാലിന്യം എളുപ്പത്തില്‍ കളയാനുള്ള സ്ഥലം പുഴയായി. ബോധവത്കരണയത്‌നങ്ങള്‍ നടക്കുമ്പോഴും നദികളിലെ മലിനീകരണം കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. ജൈവമാലിന്യങ്ങളെ വിഘടിപ്പിക്കാന്‍ ഓക്‌സിജന്‍ വേണം. മാലിന്യത്തിന്‍റെ അളവു കൂടുന്തോറും നദിയിലെ ഓക്‌സിജന്‍റെ അളവു കുറയുന്നത് ജൈവസാന്നിധ്യത്തെയും ബാധിക്കുന്നു.

നഗരവത്കരണവും മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സംവിധാനമില്ലാത്തതും മറ്റേതൊരു പുഴയെ പോലെയും മീനച്ചിലാറിന്‍റെ മരണത്തിനും കാരണമാകുകയാണ്. കക്കൂസ് മാലിന്യമൊഴുക്കുന്നതും ഖരമാലിന്യങ്ങളും അറവുശാലകളിലെ അവശിഷ്ടങ്ങളും തള്ളുന്നത് തടയാന്‍ അധികൃതര്‍ക്കാവുന്നില്ല. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നദികളെ മാലിന്യമുക്തമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല.‌ 

വേനലിനും മുൻപേ കുടിവെള്ളം കിട്ടാക്കനിയായിട്ടും ഉള്ള ജലസ്രോതസ്സുകളുടെ സംരക്ഷണത്തിൽ അലംഭാവം തുടരുക തന്നെയാണ്. മാലിന്യം കലർന്ന പ്ലാസ്റ്റിക്, ഡയപ്പർ, സാനിട്ടറി നാപ്കിൻ, പൊട്ടിയ പൈപ്പുകളിലൂടെയും തുറന്നിരിക്കുന്ന പൈപ്പുകൾ വഴിയും അരിച്ചിറങ്ങുന്ന ശുചിമുറി മാലിന്യം ഇങ്ങനെ കണ്ണുകൾ കൊണ്ട് കാണാവുന്നതും അല്ലാത്തതുമായ മലിന വസ്തുക്കളാണു ജില്ലയുടെ ഭൂരിഭാഗം മേഖലകളുടെയും ദാഹമകറ്റുന്ന മീനച്ചിലാറിനുള്ളത്. തീരത്തെ നാല് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കുടിവെള്ളം എടുക്കുന്ന കിണറുകള്‍ ആറ്റിലുള്ളപ്പോഴാണിത്.

കലങ്ങി മറിഞ്ഞെത്തിയ പ്രളയത്തിരയിൽ മാലിന്യം കുറേയേറെ ഒഴുകിപ്പോയെങ്കിലും അതിവേഗം വീണ്ടും  മലിനമാവുകയാണു മീനച്ചിലാർ. വേനൽ കനക്കും മുൻപേ ഒഴുക്കു നിലച്ച് കെട്ടിക്കിടക്കുന്ന മലിനജലാശയമായി മീനച്ചിലാർ മാറുന്ന കാഴ്ചയാണ് കോട്ടയം നിവാസികള്‍ എല്ലാ വര്‍ഷവും കാണുന്നത്. മീനച്ചിലാറിന്‍റെ തീരത്തെ കിണറുകളിലെ ജലം പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുമ്പ് പുറത്തുവന്നത് ഞെട്ടിക്കുന്നതായിരുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും 4 നഗരസഭാ പ്രദേശങ്ങളിലെയും കിണറുകളിൽ നിന്നെടുത്ത 637 വെള്ള സാംപിളുകളിൽ 538 ഇടങ്ങളിലെ വെള്ളം നേരിട്ടു കുടിക്കുന്നയാൾ മഹാരോഗിയായി മാറുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിൽ 138 സ്ഥലത്തെ വെള്ളത്തിൽ തീവ്ര അമ്ലത്വ സ്വഭാവമുള്ളതായും കണ്ടെത്തിയിരുന്നു.

ഏറ്റുമാനൂര്‍, ആറുമാനൂർ, പുന്നത്തുറ, പാലാ, തിരുവഞ്ചൂർ, ഇറഞ്ഞാൽ, ഇല്ലിക്കൽ, കിടങ്ങൂർ തുടങ്ങിയ പ്രദേശങ്ങളില്‍ മീനച്ചിലാറിൽ നിന്നു ശേഖരിച്ച വെള്ളത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ് പരമാവധിക്കും മുകളിലായിരുന്നു. കുടിക്കാനുള്ള വെള്ളത്തിൽ ഒരു ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ പോലും സാന്നിധ്യം  പാടില്ലെന്നാണു ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ മീനച്ചാലാറിന്‍റെ തീരപ്രദേശങ്ങളില്‍ ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെള്ളത്തിലും അതിതീവ്രമായ തരത്തിലാണ് ഫീക്കൽ കോളിഫോം സാന്നിധ്യം കണ്ടെത്തി. ഈ വെള്ളം തന്നെയാണ് കോട്ടയം, പാലാ, ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമായി എത്തുന്നത്. 

നദിയിലേയ്ക്കുള്ള മാലിന്യനിക്ഷേപത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് മാത്രമല്ല, ദിനം പ്രതി കൂടിവരികയാണെന്ന് മീനച്ചിലാര്‍ സംരക്ഷണസമിതി നടത്തിയ പഠനത്തില്‍ തെളിയുന്നു. ഓവുചാലുകളില്‍ നിന്നുള്ള മാലിന്യത്തിനപ്പുറം നദികളിലേയ്ക്ക് മാലിന്യം തള്ളുന്നതിന് യാതൊരു നിയന്ത്രണങ്ങളുമില്ല. ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വന്‍തോതില്‍ ആറ്റിലേക്ക് തള്ളുന്നു. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേതുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചെറുവാണ്ടൂര്‍ തോട് വഴിയാണ് പുഴയില്‍ എത്തുന്നത്. ആറ്റുതീരത്തെ എല്ലാ സസ്യങ്ങളിലും തോരണം പോലെ പ്ലാസ്റ്റിക് അടിഞ്ഞനിലയിലാണ്. ഇത് സസ്യങ്ങളുടെ വളര്‍ച്ച തടയുന്നു. ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള സസ്യങ്ങള്‍പോലും ഉണങ്ങിയനിലയിലാണ്. 

പൂഞ്ഞാര്‍, തീക്കോയി ആറുകളുടെ നല്ലൊരു ശതമാനം പ്രദേശങ്ങളില്‍ മുന്‍പ് വനമോ ചോലയോ ഉണ്ടായിരുന്നു. സ്‌പോഞ്ചുപോലെ വെള്ളം പിടിച്ചുവെച്ചിരുന്ന വനം ഇല്ലാതായി. മഴ നിന്നാലുടന്‍ ആറ് മെലിയാനുള്ള പ്രധാന കാരണവും ഇതാണെന്ന് പഠനങ്ങള്‍ തെലിയിക്കുന്നു. യന്ത്രങ്ങള്‍ ഉപയോഗിച്ച് മലമടക്കുകളില്‍ വന്‍തോതില്‍ മണ്ണ് ഇളക്കിയത് സ്വാഭാവികമായ ജലസംഭരണശേഷി കുറച്ചു. വീണ്ടും മണ്ണ് ഉറച്ചതോടെ, പെയ്ത്തുവെള്ളം വേഗം ആറ്റിലെത്തി. പലയിടങ്ങളിലും ആറ്റിലേക്കിറക്കി വലിയ സംരക്ഷണഭിത്തികള്‍ കെട്ടി. അവിടങ്ങളില്‍ വെള്ളം പിടിച്ചുനിര്‍ത്തിയിരുന്ന ആറ്റുപൊന്തകള്‍ ഇല്ലാതായി. ഇടുങ്ങിയനിലയില്‍പണിത പാലങ്ങളുടെയെല്ലാം താഴെയുള്ള ഇരുഭാഗങ്ങളും തകര്‍ന്നതുകാണാം.

മലമടക്കുകളിലും മീനച്ചിലാറിന്‍റെ പരിസരത്തുമായുണ്ടായിരുന്ന പാടങ്ങള്‍  75 ശതമാനവും ഇല്ലെന്നായി. ആറ്റിലേയ്ക്ക് വെള്ളം എത്തിക്കുന്ന 38 തോടുകളുടെയും വീതി കുറഞ്ഞു. ചെറുതോടുകള്‍ അപ്രത്യക്ഷമായി. ആറ്റില്‍ വെള്ളം പിടിച്ചുനിര്‍ത്തിയിരുന്ന മണല്‍ പഴങ്കഥ. പഴയതുപോലെ മണല്‍ പുഴയില്‍ അടിയുന്നില്ല. പകരം ആറിന്‍റെ അടിത്തട്ടില്‍ ചെളിയും മറ്റും നിറഞ്ഞു. വെള്ളം തടഞ്ഞുനിര്‍ത്തുന്നതിന് നിര്‍മിച്ച തടയണകളിലും ചെളിയാണ്. പലയിടത്തും ഏറെ വീതിയിലൂടെ ഒഴുകിവന്ന വെള്ളം ഇടുങ്ങിയ പ്രദേശങ്ങളിലൂടെ പോകേണ്ടിവന്നത് കരയില്‍ നാശത്തിനിടയാക്കി. പാലായില്‍ ളാലം തോട്ടില്‍നിന്നും മീനച്ചിലാറ്റില്‍നിന്നുമായി വരുന്ന വെള്ളം ബസ്സ്റ്റാന്‍ഡിന് പുറകില്‍വെച്ച് ഇടുങ്ങി ഒഴുകിയത് ഉദാഹരണം. 

ഏതാനും വര്‍ഷം മുമ്പ് ഒരു ഗാന്ധിജയന്തി ദിനത്തില്‍ 'പുന൪ജനി' എന്നപേരിൽ മീനച്ചിലാ൪ സംരക്ഷണ യജ്ഞവും വിപുല പരിപാടികളും സംഘടിപ്പിച്ചെങ്കിലും പുഴയുടെ മലിനീകരണം തടയാൻ നടപടികൾ ഇനിയുമായില്ല. നദി മലിനപ്പെടുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഇത്തരക്കാരെ പിടികൂടാൻ നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തുമെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്. 

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K