14 February, 2022 07:00:45 PM


വിദ്യാസമ്പന്നൻ പിണറായിയോ യോഗിയോ? സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു


 
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയും തർക്കങ്ങളും സജീവം. കേരളത്തിലേയും ഉത്തർപ്രദേശിലേയും വികസന മാതൃകയെ ചൊല്ലിയുള്ള വാക്‌പോരിനിടെയാണ് വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ അവിനാഷ് ദാസ് പങ്കുവെച്ച ട്വീറ്റാണ് വിവാദങ്ങൾക്ക് കാരണം.

'അറിവില്ലാത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്‌ക്ക് കേരളത്തിലെ വിദ്യാസമ്പന്നനായ മുഖ്യമന്ത്രി'യുടെ മറുപടിയെന്ന് കുറിച്ചാണ് അവിനാഷ് മുഖ്യമന്ത്രിയുടെ ട്വീറ്റ് ഷെയർ ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തർക്കവും സജീവമായി. വോട്ടർമാർക്ക് വീഴ്‌ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്ക് മറുപടി നൽകിയ പിണറായിയുടെ ട്വീറ്റാണ് അവിനാഷ് പങ്കുവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം എന്നതാണ്. 1962ൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. 1964ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡിഗ്രി ചെയ്തു എന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്. എന്നാൽ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ് മാത്രമാണ്.

2021 മാർച്ച് അഞ്ചിനാണ് ഈ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ളത്. 1963ൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും പ്രീഡിഗ്രി എന്നാണ് സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി എഴുതിയിരിക്കുന്നത്. 2016ൽ നൽകിയ സത്യവാങ്മൂലത്തിലും ഇതേ വിദ്യാഭ്യാസ യോഗ്യതയാണ് കാണിച്ചിരിക്കുന്നത്. പിണറി വിജയന്റെ പാർട്ടി അനുയായികൾ പ്രചരിപ്പിക്കുന്നത് സാമ്പത്തിക ശാസ്ത്ര ബിരുദമെന്നാണ്.

യോഗി ആദിത്യനാഥ് നിരക്ഷരനാണെന്നാണ് അവിനാഷ് പറഞ്ഞത്. എന്നാൽ അദ്ദേഹം ബിരുദം നേടിയിട്ടുണ്ടെന്നും കേരളത്തിലെ മുഖ്യമന്ത്രിയെക്കാൾ സാക്ഷരനാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകൾ പറയുന്നത്. ഉത്തരാഖണ്ഡിലെ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K