05 April, 2022 11:45:06 AM


വിവരം നൽകുന്നവർക്ക് 1 ലക്ഷം; മോഹനൻ മറഞ്ഞതെങ്ങോട്ട്; ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച്


 
തിരുവനന്തപുരം: 50 പവനും 50,000 രൂപയുമായി ബാങ്കിൽ നിന്ന് ഇറങ്ങി സ്‌കൂട്ടറുമായി റോഡിൽ മറഞ്ഞ കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ മോഹനനന്റെ (59) തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മോഹനനെ കാണാതായിട്ട് രണ്ട് വർഷം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

2020 മെയ് 8 നാണ് മോഹനനെ നടു റോഡിൽ വെച്ച് കാണാതായത്. ഭാര്യാ സഹോദരൻ ജയകുമാർ നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ എത്തുന്ന പണം പേരൂർക്കട സർവ്വീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വെക്കുന്നതും പണയ സ്വർണം തിരികെ എടുത്തു വരുന്നതും മോഹനനാണ്. ഇങ്ങനെ ഒരു യാത്രയിലാണ് മോഹനനെ കാണാതാകുന്നത്.

പേരൂർക്കട – നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപംവരെ മോഹനൻ എത്തിയതായി അന്വേഷണത്തിൽ തെളിവ് ലഭിച്ചു. കരകുളം അഴീക്കോടിന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ 11.02ന് മോഹനൻ സ്‌കൂട്ടറിൽ കടന്നു പോയതായി കാണുന്നുണ്ട്.അതിനുശേഷം ഒരു വിവരവുമില്ല. രാവിലെ ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

ലോക്ഡൗൺ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ജില്ലവിട്ടു പോകാനുള്ള സാഹചര്യമില്ലായിരുന്നു. മോഹനനു സാമ്പത്തിക ബാധ്യതയോ ശത്രുക്കളോ ഇല്ലെന്ന് കുടുംബം പറയുന്നു. ഫോൺ കോൾ രേഖകളിലും സംശയകരമായി ഒന്നുമില്ല. ഇനി മോഹനനെ ആരെങ്കിലും തട്ടി കൊണ്ടു പോയതാണെങ്കിൽ പണം ആവശ്യപ്പെട്ട് ആരും സമീപിച്ചിരുന്നില്ല.

തട്ടികൊണ്ടുപോകണമെങ്കിൽ പട്ടാപ്പകൽ സ്‌കൂട്ടർ ഉൾപ്പെടെ കൊണ്ടുപോകേണ്ട കാര്യമുണ്ടോ എന്നതും ചോദ്യമായി നിലനിൽക്കുന്നു.അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ചെങ്കിലും മോഹനന്റേതായിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ മോഹനന്റെ തിരോധാനത്തിന് ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K