04 August, 2022 03:15:16 PM


കോട്ടയം സ്വദേശിയായ ഭര്‍ത്താവിനെ നാലു മാസമായി കാണാനില്ലെന്ന് റഷ്യന്‍ യുവതി




കോട്ടയം: നാല് മാസം മുന്‍പ് കാണാതായ മലയാളി ഭര്‍ത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സെറ്റ്ലാന എന്ന റഷ്യന്‍ യുവതി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയായ ജോസ് രാജനും സെറ്റ്ലാനയും 2012ലാണ് വിവാഹിതരായത്. പത്ത് വർഷത്തിലേറെയായി സെറ്റ്ലാന ഇന്ത്യയിൽ താമസിച്ചു വരികയാണ്. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സെറ്റ്ലാനയും ജോസും തമ്മിൽ ഡൽഹിയിൽ വെച്ചായിരുന്നു പരിചയത്തിലാകുന്നത്. പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. കോട്ടയത്തുവെച്ച് തന്നെയായിരുന്നു വിവാഹം. പിന്നീട് സെറ്റ്ലാന കേരളത്തിലേക്ക് താമസം മാറ്റുകയായിരുന്നു.

വിവാഹശേഷം ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിലായിരുന്നു രാജൻ.  മെയ് 4ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ്  അദ്ദേഹത്തെ കാണാതാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി രാജസ്ഥാനിൽ ജോലി സംബന്ധമായി താമസമാക്കിയ രാജൻ മെയ് നാലിന് നാട്ടിലേക്ക് വരാൻ വേണ്ടി ട്രെയിൻ കയറി എന്നാണ് സെറ്റ്ലാന പറയുന്നത്. ട്രെയിൻ കയറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ യാതൊരു വിവരവും ഉണ്ടായിട്ടില്ലെന്ന് സെറ്റ്ലാന പറഞ്ഞു. താനെയിൽ നിന്ന് മെയ് നാലിനായിരുന്നു കൊച്ചിയിലേക്ക് തിരിച്ചത്.

വർഷങ്ങളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ജോസ്. ചിലപ്പോൾ യാത്രയ്ക്കിടെ രോഗം പിടിപ്പെട്ട് എവിടെയെങ്കിലും വീണുപോയതാകാം. ഏതെങ്കിലും ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ടാകും. വൈകാതെ തന്നെ അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഭാര്യ സെറ്റ്ലാന. ആശുപത്രി അധികൃതർ, ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർ, ഏതെങ്കിലും യാത്രക്കാർ, ജോലിക്കാർ ആർക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് അറിവുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്.

ജോസ് രാജനെ കണ്ടെത്താന്‍ മഹാരാഷ്ട്ര പോലീസുമായും ബന്ധപ്പെട്ടു വരികയാണ്. എന്നാൽ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈരാറ്റുപേട്ട പോലീസിലും പരാതി നൽകിയിട്ടുണ്ട്. റെയിൽവേ കേന്ദ്രീകരിച്ചും ആശുപത്രി കേന്ദ്രീകരിച്ചും നേരിട്ട് അന്വേഷിക്കുമെന്നും സെറ്റ്ലാന പറഞ്ഞു. അതേസമയം ജോസ് രാജന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K