28 September, 2022 06:07:27 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ 'കല്ല്' വിവാദം: പുതിയ മന്ദിരത്തിന് മന്ത്രിയെ വെട്ടി കല്ലിട്ടു


ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ നഗരസഭാ മന്ദിരത്തിന് കല്ലിട്ടതുമായി ബന്ധപ്പെട്ട് പുതിയ വിവാദം. മന്ത്രി വി.എന്‍.വാസവന്‍ ആയിരുന്നു മന്ദിരത്തിന് ശിലാസ്ഥാപനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ വൈകിട്ട് മന്ത്രി എത്തി ചടങ്ങി നിര്‍വ്വഹിക്കും മുമ്പേ നഗരസഭാ അധികൃതര്‍ കല്ല് കുഴിച്ചിട്ടതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. 

ശിലാസ്ഥാപന ചടങ്ങ് നടന്ന  ന് രാവിലെ നഗരസഭാ ചെയര്‍പേഴ്സണും സൂപ്രണ്ടും രണ്ട് ഭരണപക്ഷ കൌണ്‍സിലര്‍മാരും എത്തി കല്ല് കുഴിച്ചിടുകയായിരുന്നു. വൈകിട്ട് എത്തിയ മന്ത്രി സ്ഥലത്ത് സ്ഥാപിച്ച ഫലകത്തിലെ കര്‍ട്ടന്‍ നീക്കി ശിലാസ്ഥാപനം നടത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ രാവിലെ കല്ലിട്ട വിവരം അറിയിക്കാതെ മന്ത്രിയെ പൊട്ടനാക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ ഇന്ന് കൌണ്‍സില്‍ യോഗത്തില്‍ ആരോപിച്ചത്.

ഇതിനിടെ ഇത്തരമൊരു പരിപാടി രഹസ്യമായി നടത്തിയത് തന്നെ പോലും അറിയിച്ചില്ലെന്ന് കുറ്റപ്പെടുത്തി വാര്‍ഡ് കൌണ്‍സിലര്‍ രശ്മി ശ്യാമും രംഗത്തെത്തി. എന്നാല്‍ ഹിന്ദു ആചാരപ്രകാരം അവിടെ ഭൂമിപൂജ നടത്തുകയാണ് ചെയ്തത് എന്ന് നഗരസഭാ ചെര്‍പേഴ്സണ്‍ യോഗത്തില്‍ വീണ്ടും വിവാദത്തിനു വഴിയൊരുക്കി. ചെയര്‍പേഴ്സന്‍റെ വാക്കുകള്‍ ശരിയല്ലെന്നും പൊതുസ്വത്തായ നഗരസഭയില്‍ ഏതെങ്കിലും ഒരു മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തുന്നത് ശരിയല്ലെന്നും ചൂണ്ടികാട്ടി പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ എഴുന്നേറ്റു. അവിടെ ഭൂമിപൂജ അല്ല നടന്നതെന്നും കല്ല് കുഴിച്ചിട്ടതിന് തെളിവുണ്ടെന്നുമായി മറ്റൊരു വിഭാഗം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K