21 October, 2022 01:07:09 PM


കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി



തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായ മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയിൽ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.

മണിക്കൂറുകൾക്കുള്ളിൽ  31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K