21 February, 2026 09:36:58 AM


വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ കേസടുത്തു



ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രിക്രിയക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗൈനക്കോളജി വകുപ്പ് മേധാവിയായ ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. മനുഷ്യ ജീവനും വ്യക്തി സുരക്ഷിതത്വത്തിനും ഭീഷണി ആകുന്ന രീതിയിൽ ഉദാസീനതയോടെ ശാസ്ത്രക്രിയ ചെയ്തു എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. നിരുത്തരവാദിത്വ പരമായി വയറ്റിൽ കത്രിക ഉപേക്ഷിച്ചെന്നും എഫ്‌ഐആറിൽ ഉണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 125, 125 (എ) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, താനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നായിരുന്നു ലളിതാംബിക പറഞ്ഞത്. സംഭവത്തെ ഇത്തരത്തിൽ നിസാരവത്കരിച്ചത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഉഷ ജോസഫിന്റെ ഭർതൃ സഹോദരി മാർഗരറ്റ് നൽകിയ പരാതിയിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ പരാതിയിൽ ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ഈ ഡോക്ടറെ പ്രതി ചേർത്തിരിക്കുന്നത്. വൈകാതെ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. അതേസമയം, ഡോ. ലളിതാംബികയെ വീട്ടിലെത്തി കാണുകയും കൺസൾട്ടേഷൻ ഫീസ് നൽകുകയും ചെയ്തിരുന്നു എന്നും ഉഷ ജോസഫിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K