21 November, 2023 05:17:20 PM


വിവേകോദയം സ്കൂളിലെ വെടിവയ്പ്പ്; പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ്



തൃശ്ശൂർ: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ ജ​ഗനെതിരെ നേരത്തെയും കേസ് ഉണ്ടെന്ന് പൊലീസ്. മെയ് 18 ന് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ബഹളം വച്ചതിനാണ് കേസ് എടുത്തത്. മണ്ണൂത്തി പൊലീസ് സ്‌റ്റേഷനിലാണ് അന്ന് ജ​ഗനെ കരുതൽ തടങ്കലിൽ വച്ചത്.

വിവേകോദയം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജ​ഗൻ സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ വെടിവച്ചു. മുകളിലേക്കാണ് വെടിയുതിർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല.

തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശിയായ ജഗനെ പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താൻ മൂന്നു വർഷമായി മാനസികാസ്യാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളെന്നാണ് ജ​ഗൻ പൊലീസിനോട് പറഞ്ഞത്. ഇയാൾ ലഹരിക്കടിമയാണോ എന്ന് സംശയമുയർ‌ന്നിട്ടുണ്ട്. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കെെമാറുകയായിരുന്നു.

സ്കൂളിൽ അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജ​ഗനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകും.

പ്രതിയുടെ പക്കല്‍ എങ്ങനെയാണ് തോക്ക് ലഭിച്ചത്, ഏത് തരം തോക്കാണ് ഉപയോഗിച്ചത്, എന്തിനാണ് സ്കൂളില്‍ എത്തി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K