08 May, 2024 06:41:20 PM


മീനച്ചിലാറ്റിൽ ഉപ്പിന്‍റെ അംശം: താഴത്തങ്ങാടിയിൽ നിന്നുമുള്ള പമ്പിംങ് നിർത്തി ജല അതോറിറ്റി



കോട്ടയം : മീനച്ചിലാറ്റിൽ ഉപ്പിന്റെ അംശം ക്രമതീതമായി കൂടുന്നതിനാൽ താഴത്തങ്ങാടിയിൽ നിന്നുമുള്ള പമ്പിംങ് നിർത്തി ജല അതോറിറ്റി. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ജലവിതരണം തടസപ്പെടും.

മീനച്ചിലാറിൻ്റെ താഴത്തങ്ങാടി ഭാഗത്തുനിന്നും ശേഖരിക്കുന്ന വെള്ളമാണ് ജല അതോറിറ്റി പമ്പിംങ് നടത്തി ചെങ്ങളത്തുള്ള ട്രീറ്റ്മെന്റ് പ്ലാൻ്റ് വഴി ശുദ്ധീകരിച്ച് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ലഭ്യമാക്കുന്നത്. ഇതോടൊപ്പം വെളളൂപ്പറമ്പ് പ്ലാൻ്റിൽ നിന്നും പമ്പിങ് നടത്തിയാണ് ജലക്ഷാമം രൂക്ഷമായ ഈ പഞ്ചായത്തുകളിലേക്ക് ജല അതോറിറ്റി കുടിവെള്ളം എത്തിക്കുന്നത്.

എന്നാൽ തണ്ണീർമുക്കം ബണ്ട് തുറന്നതിനാൽ താഴത്തങ്ങാടിയിൽ താൽക്കാലിക ബണ്ട് ഇടാത്തത് മൂലം താഴത്തങ്ങാടി പമ്പ് ഹൗസിന് സമീപത്ത് വെള്ളത്തിൽ ഉപ്പിന്റെ അംശം അനുവദനീയമായതിനേക്കാൾ ക്രമാതീതമായി കൂടി. ഇതാണ് നിലവിൽ താഴ്ത്തങ്ങാടി ഭാഗത്തുനിന്നും പമ്പിങ് നടത്തുന്നതിന് പ്രതിസന്ധിയായി മാറുന്നത്.

ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് ബണ്ടിന്റെ നിർമ്മാണം പൂർത്തിയാക്കേണ്ടതെന്നിരിക്കെ ഈ വർഷം ഇതുവരെ ബണ്ട് പണി പൂർത്തിയാക്കാത്തത് കൊണ്ടാണ് ഉപ്പിന്റെ അംശം ക്രമാതീതമായി കൂടിയത്.

ഇതിനാൽ നിലവിൽ ചെങ്ങളം പ്ലാന്റിലേക്ക് താഴെത്തങ്ങാടിയിൽ നിന്നുള്ള പമ്പിങ് പൂർണമായി നിർത്തലാക്കിയതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു. നിലവിൽ വെള്ളൂപ്പറമ്പ് പമ്പ് ഹൗസിൽ നിന്ന് മാത്രമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതിനാൽ കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ജലവിതരണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഇവർ അറിയിച്ചു.

മീനച്ചിലാറ്റിൻ്റെ വിവിധയിടങ്ങളിലും ഉപ്പിന്റെ അംശം ക്രമാതീതമായി കൂടുന്നത് താഴത്തങ്ങാടിക്ക് പുറമെ മീനച്ചിലാറിന്റെ തീരങ്ങളിൽ നിന്ന് ജലം ശേഖരിക്കുന്ന വെള്ളൂപ്പറമ്പ് പൂവത്തുമ്മൂട് പമ്പ് ഹൗസുകളുടെ പ്രവർത്തനത്തെയും പ്രതിസന്ധിയിലാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K