21 June, 2024 01:16:56 PM


തമിഴ്നാട്ടിൽ മലയാളികൾക്കു നേരെ ആക്രമണം; കവർച്ചാ സംഘത്തിലെ 3 പേർ കൂടി പിടിയിൽ



പാലക്കാട് : സേലം–കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവത്തിൽ 3 പേർ കൂടി പിടിയിൽ. കവർച്ചാ സംഘത്തിലെ ജിനു, നന്ദു, ജിജീഷ് എന്നിവരെയാണു കസബ പൊലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവർ എട്ടായി. പ്രതികളെ മധുക്കര പൊലീസിനു കൈമാറി. ജയിലിൽ രൂപീകരിച്ച പുതിയ സംഘമാണ് ആക്രമണം നടത്തിയത്. കേസുകളിൽ പിടിയിലായവർ പുറത്തിറങ്ങിയ ശേഷം കൊള്ള നടത്തുകയായിരുന്നു. എന്നാൽ ആദ്യശ്രമം പാളിയെന്നും പൊലീസ് പറഞ്ഞു. അക്രമി സംഘത്തിൽ 11 പേരുണ്ടെന്നാണു നിഗമനം. 3 വാഹനങ്ങളിലെത്തിയ അക്രമിസംഘം വ്യാജ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്.

കവർച്ചാ കേസുകളിൽ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണു മുഖ്യപ്രതി. ദേശീയപാത കേന്ദ്രീകരിച്ച് കുഴൽപ്പണം, സ്വർണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതികൾ. ഇത്തരത്തിൽ  ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവർ ആക്രമിച്ചതെങ്കിലും വാഹനം മാറിപ്പോകുകയായിരുന്നു. ആക്രമണത്തിനുശേഷം, പ്രതികൾ ഉപയോഗിച്ചിരുന്ന കാറുകൾ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്. ഇവിടെനിന്ന് കാറുകൾ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണു പ്രതികൾ പിടിയിലായത്.

തമിഴ്നാട് മധുക്കര പൊലീസും പാലക്കാട് കസബ പൊലീസും സംയുക്തമായാണു കേസ് അന്വേഷിക്കുന്നത്. ഡിഎസ്പിയുടെ നേതൃത്വത്തിൽ 3 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി മധുക്കര പൊലീസ് അറിയിച്ചു. യുവാക്കളുടെ പരാതി പരിഗണിക്കാൻ വിസമ്മതിച്ച കുന്നത്തുനാട് പൊലീസിനെതിരെ അന്വേഷണത്തിനു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ റൂറൽ എസ്പി ചുമതലപ്പെടുത്തിയിരുന്നു.

പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. മദ്രാസ് റജിമെന്റിൽ സൈനികനാണ് അറസ്റ്റിലായ വിഷ്ണു, എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖ്, ചാൾസ് റെജി എന്നിവരും സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽനിന്നു കമ്പനിയിലേക്കു കംപ്യുട്ടറുകൾ വാങ്ങിയ ശേഷം യുവാക്കൾ മടങ്ങിവരുകയായിരുന്നു സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K