07 September, 2024 09:35:54 AM
അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു; ഡ്രഡ്ജര്‍ ബുധനാഴ്ച എത്തും
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിച്ച ശേഷം വ്യാഴാഴ്ചയാകും തിരച്ചില്‍ പുനരാരംഭിക്കുക. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക.
ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലെ മണ്ണ് തിരച്ചിലിന് പ്രധാന വെല്ലുവിളിയായിരുന്നു. ഇതിന് പുറമെ അടിത്തട്ടിലെ ഒഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതോടെ മണ്ണ് നീക്കി സുഗമമായി പരിശോധന നടത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. നിലവില്‍ ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതും സാഹചര്യം അനുകൂലമാക്കുന്നു. കഴിഞ്ഞ ദിവസം നാവിക സേന നടത്തിയ പരിശോധനയില്‍ അടിയൊഴുക്ക് കുറഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരില്‍ അര്‍ജുന്‍ മണ്ണിടിച്ചില്‍പ്പെടുന്നത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അര്‍ജുനായിരുള്ള തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായില്ല.
ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട മണ്‍ക്കൂനയില്‍ ലോറിയകപ്പെട്ടോ എന്ന സംശയമുയര്‍ന്നു. മുങ്ങല്‍ വിദഗ്ധന്‍ കൂടിയായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പ്പ സ്ഥലത്തെത്തുകയും അര്‍ജുനായി ഗംഗാവലിപ്പുഴയില്‍ മുങ്ങിത്തപ്പുകയും ചെയ്തു. പുഴയുടെ അടിയൊഴുക്ക് വെല്ലുവിളിയായതും മണ്ണ് നീക്കേണ്ട ആവശ്യകതയുണ്ടെന്ന് വ്യക്തമാകുകയും ചെയ്തതോടെ ഈശ്വര്‍ മാല്‍പ ദൗത്യം അവസാനിപ്പിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ ഓഗസ്റ്റില്‍ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. അര്‍ജുനൊപ്പം മണ്ണിടിച്ചില്‍ കാണാതായ രണ്ട് കര്‍ണാടക സ്വദേശികളെക്കൂടി കണ്ടെത്താനുണ്ട്.