17 November, 2025 08:19:18 PM


ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരിൽ സന്ദേശമയച്ച ആൾമാറാട്ടക്കാരനും അറസ്റ്റിൽ



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും യുവതിയെ ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സ്ആപ്പില്‍ ശല്യം ചെയ്ത യുവാവും അറസ്റ്റില്‍. കുരുവട്ടൂര്‍ സ്വദേശിയായ മുപ്പത്തിയൊമ്പതുകാരിയാണ് അറസ്റ്റിലായത്. തന്നെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചത് ഡോക്ടര്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു യുവതി ഡോക്ടറുടെ മുഖത്തടിച്ചത്.മെഡിക്കല്‍ കോളേജിലെ സര്‍ജറി ഒപിയില്‍ രോഗികളെ ചികിത്സിക്കുകയായിരുന്ന ഡോക്ടറെ രോഗികളുടെയും ജീവനക്കാരുടെയും മുന്നില്‍വെച്ചാണ് കഴിഞ്ഞ ദിവസം യുവതി മര്‍ദിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മെഡിക്കല്‍ കോളേജിലെ സര്‍ജറി വാര്‍ഡില്‍ പിതാവ് അഡ്മിറ്റായപ്പോള്‍ യുവതിയും ഒപ്പം സഹായത്തിന് ആശുപത്രിയില്‍ തുടര്‍ന്നു. ഈ സമയം ചികിത്സ നല്‍കിയ ഡോക്ടറെയാണ് യുവതി മര്‍ദിച്ചത്. ചികിത്സ കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ ഡോക്ടര്‍ വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ അയക്കുകയും സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയത്തിലായി, വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തുവെന്നാണ് യുവതി പറഞ്ഞത്. തന്നോട് പണം കടം വാങ്ങിയിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.

തുടര്‍ന്നാണ് യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റുണ്ടായത്. യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്, പക്ഷെ പ്രതി ഡോക്ടറല്ല. യുവതിയുടെ പിതാവ് അഡ്മിറ്റ് ആയ വാര്‍ഡില്‍ ചികിത്സയ്ക്ക് എത്തിയ മറ്റൊരാളുടെ കൂട്ടിരിപ്പുകാരനായ പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദാണ് (27) ഡോക്ടറെന്ന വ്യാജേന യുവതിക്ക് സന്ദേശമയച്ച് പറ്റിച്ചത്. ഇയാളെയും തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959