26 November, 2025 09:00:51 AM


പോറ്റിയെ അറിയാം; ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്‌ഐടി



തിരുവനന്തപുരം:  ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്‌ഐടി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്ന് തന്ത്രിമാര്‍ അറിയിച്ചു.

ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവര്‍ത്തനങ്ങളോ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിക്കുന്നത്. ഇതൊന്നും തന്ത്രിമാര്‍ തീരുമാനിച്ച് ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നതല്ല. ആചാരപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പങ്ങളും സ്വര്‍ണം പൂശാനും, വാതില്‍ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിരന്തരം വരുന്നയാള്‍, നേരത്തെ കീഴ് ശാന്തിയായി ജോലി ചെയ്ത ആള്‍, ബംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തയാള്‍ എന്നീ നിലകളിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളത്. അതിനപ്പുറം മറ്റു ബന്ധങ്ങളോ, സാമ്പത്തിക ഇടപാടുകളോ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇല്ലെന്നും തന്ത്രിമാര്‍ അറിയിച്ചു. മഹസ്സര്‍ എഴുതി തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും, നയപരമായ കാര്യങ്ങളിലൊന്നും തന്ത്രിമാര്‍ ഇടപെടാറില്ലെന്നും കണ്ഠര് രാജീവരും കണ്ഠര് മോഹനരും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), ഡി സുധീഷ് കുമാർ (ശബരിമലയിലെ മുൻ എക്സിക്യുട്ടീവ് ഓഫീസർ), കെ എസ് ബൈജു (മുൻ തിരുവാഭരണം കമ്മീഷണർ), എൻ വാസു (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറും), എ പത്മകുമാർ (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് എസ്ഐടിയുടെ അന്വേഷണം പുരോ​ഗമിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934