26 November, 2025 11:03:38 AM


മുഖ്യമന്ത്രിക്കെതിരായ വധഭീഷണി: ടീനാ ജോസിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയില്‍ അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം എന്ന ഭീഷണിയിലാണ് കേസ്. സമൂഹ മധ്യത്തില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ടീനാ ജോസിനെതിരായ എഫ് ഐ ആറില്‍ പറയുന്നത്. സുപ്രീം കോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.


തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമൻ്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും' എന്നായിരുന്നു ഇവരുടെ കമന്റ്.

സംഭവം വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റെ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന ജോസ് എന്നുമാണ് സിഎംസി സന്യാസിനി സമൂഹം പറയുന്നത്. ടീന ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും ടിഎംസി സമൂഹത്തിന് അതില്‍ പങ്കില്ലെന്നും അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സാബു ജേക്കബിൻ്റെ ട്വൻ്റി-20യുടെ കടുത്ത പ്രചാരകയാണ് ടീന എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പാർട്ടി ഇത് തള്ളിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294