27 November, 2025 05:54:15 PM
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവടക്കം കൈമാറി

പാലക്കാട്: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ യുവതി സെക്രട്ടറിയേറ്റില്‍ കുഴഞ്ഞുവീണു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കുഴഞ്ഞുവീണത്. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും പരാതി ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.
ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പുറത്തു വന്ന ഓഡിയോയില്‍ യുവതി പറയുന്നുണ്ട്. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്.
'ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും' പെണ്‍കുട്ടി പറയുന്നു. 'എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല' എന്നും രാഹുല്‍ പറയുന്നു. 'എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല' എന്നും പെണ്‍കുട്ടി പറയുന്നു. ഇതിനു അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.
എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെണ്‍കുട്ടി കരയുന്നുണ്ട്. ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.







