27 November, 2025 08:38:13 PM
ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം: 'തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ 'എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കളക്‌ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും.
തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ, തെരഞ്ഞെടുപ്പ് കാലത്തുള്ള ഹരിതചട്ട പ്രവർത്തനങ്ങൾ, നിരോധിച്ച ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരണം, തെരഞ്ഞെടുപ്പു പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകത, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും.
എ.ഡി.എം. എസ്. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. ശ്രീലേഖ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് അക്ഷയ് സുധർ എന്നിവർ പങ്കെടുത്തു.







