08 December, 2025 07:13:24 PM


'ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറി'; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്ര പ്രവർത്തക



തിരുവനന്തപുരം:  പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശം പെരുമാറ്റം നേരിട്ടു എന്നാണ് ആരോപണം. ഇവർ വിശദമായ പരാതി മുഖ്യമന്ത്രിക്ക് മുൻപാകെ സമർപ്പിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി കന്റോൺമെന്റ് പൊലീസിന് കൈമാറി. പരാതിയെന്മേലുള്ള പരിശോധന നടന്നുവരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണോ കൂടുതൽ നടപടി എന്ന കാര്യത്തിൽ വ്യക്തതയില്ല. അഞ്ചു ദിവസത്തിന് മുൻപ് സംഭവം നടന്നതായാണ് സൂചന. പരാതിയിൽപ്പറഞ്ഞിട്ടുള്ള വ്യക്തി തലമുതിർന്ന സംവിധായകനെന്നാണ് വിവരം.

ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും റൂമിലെത്തിയതിന് പിന്നാലെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഡെലിഗേറ്റ് രജിസ്ട്രേഷൻ നടന്നുവരികയാണ്. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് ആണ് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927