10 December, 2025 01:02:53 PM


അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരെ ഡിസംബര്‍ 15 വരെ അറസ്റ്റ് ചെയ്യില്ല



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വരാത്തതിനാലാണ് നടപടിയിലേക്ക് കടക്കാത്തതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്.

കേസില്‍ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഈ മാസം 15 നാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യയുടെ വാദം. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയതാണെന്നും അതിജീവിതയെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കില്‍ പങ്ക് വച്ചിരുന്നുവെന്നും അത് പലരും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ പിന്‍വലിച്ചെന്നും സന്ദീപ് വാര്യര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മനഃപ്പൂര്‍വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305