12 December, 2025 12:53:07 PM


നടിയെ ആക്രമിച്ച കേസ്: വീട്ടിൽ അമ്മ മാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞ് നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം വിചാരണകോടതിയിൽ ആരംഭിച്ചു. ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കൾ അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്.

അഞ്ചര കൊല്ലം ജയിലിൽ കഴിഞ്ഞെന്നും ശിക്ഷാവിധിയിൽ ഇളവ് വേണമെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു. ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു.

ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ്റെ വാദത്തിന് മറുപടിയായി വിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിലാണ് ചോദ്യമെന്നും ക്രിമിനൽ ഗൂഡാലോചനയിലെ ശിക്ഷയിലല്ല ചോദ്യമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം നൽകിയില്ലെങ്കിൽ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വർഷമാണ് (കുറഞ്ഞ ശിക്ഷ) നൽകുന്നതെങ്കിലും കാരണം ശിക്ഷാവിധിയിൽ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നത് എന്നും കോടതി ചൂണ്ടിക്കാണിച്ചു.

376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സം​ഗമാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി പറഞ്ഞു. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.നടിയെ ആക്രമിച്ച കേസ് യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.

എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് വിചാരണ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

എല്ലാ പ്രതികൾക്കും എതിരെ ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങി മുഴുവൻ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്ന ഏട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു.

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തിൽവെച്ച് അതിക്രൂരമായ പീഡനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K