05 January, 2026 01:57:43 PM


ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്



ആലപ്പുഴ: ഡയാലിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ  ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലിസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവരാണ് പ്രതികൾ. മരിച്ച രാമചന്ദ്രന്‍റെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ഡിസംബർ 29ന് ഡയാലിസിസ് ചെയ്ത  ആറുപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും അതിൽ രണ്ട് പേര്‍ മരണമടയുകയും ചെയ്യുകയായിരുന്നു. 

അണുബാധയെ തുടർന്നാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ  സ്ഥിരീകരിച്ചിരുന്നു. എന്നാൽ അണുബാധ ഏറ്റത് എവിടെ നിന്നെന്നാണെന്നാണ് കണ്ടെത്തേണ്ടത്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം ഡയാലിസിസ് സെന്‍റെറിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെള്ളത്തിലോ ഡയാലിസിസ് ഉപകരണങ്ങളിലോ അണുബാധ കണ്ടെത്തിയിട്ടില്ല. രാസ പരിശോധന ഉൾപ്പടെ ഉള്ള കൂടുതൽ പരിശോധനകൾ നടക്കുകയാണ്. ഇതിനിടെയാണ് മരിച്ച ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് ചികിത്സാ പിഴവിന്  കേസെടുത്തത്.

പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും പൊലീസ് അന്വേഷണം. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹരിപ്പാട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. ഡയാലിസിസ് സെന്‍ററിലെ  വൃത്തിഹീനമായ സാഹചര്യം മൂലം രാമചന്ദ്രന് അണുബാധയുണ്ടായി മരിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി. രാമചന്ദ്രന്‍റെ മരണം അണുബാധയെ തുടർന്നാണെന്ന് ചികിത്സിച്ച സ്വകാര്യആശുപത്രി മെഡിക്കൽ  ഓഫീസ‍ർക്ക് നൽകിയ റിപ്പോർട്ടിൽ ഉണ്ട്. മരിച്ച രണ്ട് പേരുടെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെയും ചികിത്സാ രേഖകൾ വിലയിരുത്തിയാണ് അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കുക. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931