05 January, 2026 07:02:53 PM


ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനമിറക്കി നിയമസഭ



തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി നിയമസഭ. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതി വിധി വന്ന ജനുവരി മൂന്ന് മുതല്‍ അയോഗ്യത പ്രാബല്യത്തില്‍ വന്നു.

കേസില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയസഭാഗംത്വം നഷ്ടമാകും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) അനുസരിച്ചാണ് അയോഗ്യത. കേസിലെ ഒന്നാം പ്രതി കോടതി മുന്‍ ജീവനക്കാരനായ ജോസിനും രണ്ടാം പ്രതി ആന്റണി രാജുവിനും ഐപിസി 120 (ബി) അനുസരിച്ച് കബളിപ്പിക്കലിന് 6 മാസം ശിക്ഷ ഇരുവര്‍ക്കും ലഭിച്ചു. ഐപിസി 201 അനുസരിച്ച് രണ്ടു പ്രതികളും 3 വര്‍ഷം ശിക്ഷയും 10,000 രൂപ പിഴയും അടയ്ക്കണം. ഐപിസി 193 അനുസരിച്ച് 3 വര്‍ഷവും ഐപിസി 465 അനുസരിച്ച് 2 വര്‍ഷവും ശിക്ഷ അനുഭവിക്കണം. ഐപിസി 404 അനുസരിച്ച് ജോസ് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K