15 January, 2026 07:38:52 PM


ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ



പത്തനംതിട്ട: ശബരിമല ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയിലില്‍ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് അനുമതി നല്‍കിയിരുന്നു. തന്ത്രിയെ ജയിലില്‍ എത്തി അറസ്റ്റ് ചെയ്യാനായിരുന്നു അനുമതി. സ്വര്‍ണപ്പാള്ളി ചെമ്പായി മാറിയെന്ന മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നു. ഇതുവഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

കട്ടിളപ്പാളിക്കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും. തിരുവിതാംകൂര്‍ മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിരുന്നു. അസി. കമ്മീഷണറുടെ അതേ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നായിരുന്നു എസ്‌ഐടി നിലപാട്. ഈ ഉത്തരവാദിത്തം മറന്നാണ് തന്ത്രി കട്ടിളപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കിയതെന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307