16 January, 2026 12:28:31 PM
കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് യുവാവ് പിടിയില്‍

കോഴിക്കോട്: ഉണക്കാനിട്ട കഞ്ചാവിന്റെ കൂടെ കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്. ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടതായിരുന്നു. ഒപ്പം വെള്ളയില്‍ സ്വദേശിയായ മുഹമ്മദ് റാഫി കൂടെ കിടന്നുറങ്ങുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നയാളാണ് റാഫിയെന്നും വിവരമുണ്ട്.
ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ നിരത്തിയിട്ട ശേഷം ഒരു പായയും വിരിച്ച് സുഖമായി ഉറങ്ങുകയായിരുന്നു ഇയാൾ. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ ഈ അസാധാരണ കാഴ്ച കണ്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളയിൽ പോലീസ് സംഘം ഉറങ്ങിക്കിടന്ന റാഫിയെ വിളിച്ചുണർത്തിയാണ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് വെയിലത്ത് ഉണക്കാനിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പേപ്പറിൽ നിരത്തിയിട്ട നിലയിലുള്ള കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പിടിച്ചെടുത്ത കഞ്ചാവിന്റെ കൃത്യമായ തൂക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇത്രയും വലിയ ലഹരിമരുന്ന് ഇയാൾക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.







