22 January, 2026 04:06:30 PM
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ജവാൻമാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാല് ജവാൻമാർക്ക് വീരമൃത്യു. ഒമ്പത് പേർക്ക് പരിക്കേറ്റു. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം കൊക്കയിലേക്ക് വീണാണ് അപകടം ഉണ്ടായത്. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭാദേർവ-ചമ്പ അന്തർസംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്. 17 സൈനികരെ വഹിച്ചുകൊണ്ട് ഉയരത്തിലുള്ള ഒരു പോസ്റ്റിലേക്ക് പുറപ്പെട്ട ബുള്ളറ്റ് പ്രൂഫ് ആർമി വാഹനമാണ് അപകടത്തിൽ പെട്ടത്. സൈന്യവും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മറ്റ് ഒമ്പത് സൈനികരെ രക്ഷപ്പെടുത്തിയതായും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി ഉദംപൂർ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി മാറ്റിയതായും സേനാംഗങ്ങൾ അറിയിച്ചു. നാലു സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.






