23 January, 2026 09:40:53 AM
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്‌ഐടി. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്‌ഐടി കണ്ടെത്തി. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിക്ക് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. കൂടുതൽ തെളിവുശേഖരണം നടത്തുന്നതായും അറിയിച്ചു. ഇന്നലെ കൊല്ലം വിജിലൻസ് കോടതിയെയാണ് എസ്‌ഐടി ഇക്കാര്യം അറിയിച്ചത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ മുതൽ നേരിട്ട് കൈകാര്യം ചെയ്ത ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയ എല്ലാം പ്രതികളുമായിട്ട് തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും എസ്ഐടി കോടതിയെ അറിയിച്ചു. ദ്വാരപാലക പാളികൾ കൊണ്ടു പോകുമ്പോഴും കട്ടിളപ്പാളി കൊണ്ടുപോകുമ്പോഴും തന്ത്രി ഇടപെട്ടിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തി.






