26 January, 2026 10:08:16 AM
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര മൈലം സ്വദേശി സിദ്ദിവിനായക് (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊട്ടാരക്കര – കൊല്ലം റോഡിൽ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു അപകടം. അമിത വേഗതയാണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 4 യുവാക്കൾ ആണ് രണ്ട് ബൈക്കുകളിലായി ഉണ്ടായിരുന്നത്. അപകടത്തിൽ മറ്റ് രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരു ദിശകളിൽ നിന്നായി വന്ന ബുള്ളറ്റും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീ പിടിച്ചു. അഭിഷേക് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പൊള്ളലേറ്റും പരുക്കേറ്റും സംഭവസ്ഥലത്തു വെച്ചുതന്നെ അഭിഷേകിന്റെ മരണം സംഭവിച്ചു. ഗുരുതരമായി പരുക്കേറ്റ സിദ്ദിവിനായകിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ നീലേശ്വരം സ്വദേശി ജീവൻ (21), ഇരുമ്പനങ്ങാട് സ്വദേശി ആദർശ് (സനൂപ്- 20) എന്നിവർ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.






