29 January, 2026 04:40:50 PM
മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം, അതാണ് ഞങ്ങളെ നയിക്കുന്നത്- കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവന ബജറ്റ് അവതരണത്തിനിടെ പരാമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല മറിച്ച് 'മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ്' എന്നതാണ് തങ്ങളെ നയിക്കുന്ന മുദ്രാവാക്യമെന്നും ധനമന്ത്രി പറഞ്ഞു. ഭരണപക്ഷ അംഗങ്ങൾ ആവേശത്തോടെയാണ് ഈ പരാമർശത്തെ ഏറ്റെടുത്തത്.
'മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് ഞങ്ങളെ നയിക്കുന്നത്' കെ എൻ ബാലഗോപാൽ പറഞ്ഞു. 'ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹിക സുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യർക്ക് കിടപ്പാടവും ഒരു കോടിയിലധികം പേർക്ക് സൗജന്യ ചികിത്സയും ഒരുക്കി. അതിദാരിദ്ര്യത്തിൽനിന്ന് മോചനവും കടക്കെണിയിൽ വീണവരുടെ കിടപ്പാടമടക്കം സംരക്ഷിക്കലും സർക്കാർ പള്ളിക്കൂടങ്ങളും ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങൾ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. അത് ഓരോ നിശ്വാസത്തിലും ഉയർത്തിപ്പിടിക്കുന്നുണ്ട്' മന്ത്രി പറഞ്ഞു. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്ന് ഒരു രാഷ്ട്രീയ നേതാവ് മതനിരപേക്ഷ സമൂഹത്തിൽ പറയുന്നത് വിപത്കരമാണെന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
കേരളത്തിന് എതിരായ കേന്ദ്ര അവഗണനയും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. കേരളത്തെ ശ്വാസംമുട്ടിക്കാൻ അവസാനകാലത്തും കേന്ദ്രം ശ്രമിക്കുന്നതായി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരായ കടുത്ത പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നുവെന്ന് ബാലഗോപാൽ സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ കവർന്നെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനത്തിൽ 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങല്‍ക്ക് 50 ശതമാനം ലഭിക്കുമ്പോഴാണ് കേരളത്തോടുളള അവഗണനയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.






