26 January, 2016 12:35:57 AM


കൊട്ടവള്ളത്തില്‍ മത്സ്യ ബന്ധനം ; കാണുവാനും വാങ്ങുവാനും വൻതിരക്ക്‌



വൈക്കം : വേമ്പനാട്ടു കായലിലെ മത്സ്യസമ്പത്ത്‌ നാട്ടുകാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകാൻ അന്യസംസ്‌ഥാന തൊഴിലാളികൾ വേണ്ടി വന്ന അവസ്ഥയാണ് ഇപ്പോൾ വൈക്കം ഭാഗങ്ങളിൽ.   രാവിലെയും വൈകുന്നേരവും കൊട്ടവള്ളത്തില്‍ ഉടക്കുവലയെറിഞ്ഞ്‌ മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഇവര്‍ വാരിക്കൂട്ടുന്നത്‌ മത്സ്യങ്ങളുടെ ചാകരയാണ്‌. ഉദയനാപുരം, നേരേകടവ്‌, മാക്കേക്കടവ്‌, തോട്ടുവക്കം, വൈക്കം ബോട്ടുജെട്ടി പ്രദേശങ്ങളിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്.

കരിമീന്‍, കൂരി, നങ്ക്‌, പള്ളത്തി, പരല്‍, ചെമ്മീന്‍, ഞണ്ട്‌, തെരണ്ടി എന്നീ മത്സ്യങ്ങള്‍ വല നിറയെ ഇവര്‍ക്ക്‌ ലഭിക്കുന്നു. കുറഞ്ഞവിലയ്‌ക്ക്‌ കായല്‍ മത്സ്യങ്ങള്‍ ഇവർ വിൽക്കുന്നതാകട്ടെ  നാട്ടുകാരെ കൊള്ളയടിക്കുന്ന നമ്മുടെ മത്സ്യ വ്യാപാരികളെ  വെട്ടിലാക്കിയിരിക്കുകയാണ്.  പ്രചാരം ഏറിയതോടെ നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ കോവിലകത്തുംകടവ്‌, ടി.വി പുരം, ഉല്ലല, മുറിഞ്ഞപുഴ ഫിഷിംഗ്‌ ലാന്റ്‌ എന്നിവിടങ്ങളിലേക്ക്‌ മത്സ്യങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക്‌ ഏറിയിരിക്കുകയാണ്‌.
മൂവാറ്റുപുഴയാറിലും മീനച്ചിലാറ്റിലും  അന്യ സംസ്‌ഥാന തൊഴിലാളികളുടെ വലയിടീൽ നടക്കുന്നുണ്ട്. ഉടക്കുവലയില്‍ കൂടുതല്‍ കുടുങ്ങുന്നത്‌ പുല്ലന്‍, മഞ്ഞക്കൂരി, കുയില്‍ മത്സ്യങ്ങളാണ്‌. കരിമീന്‍ വളരെക്കുറച്ച്‌ മാത്രമാണ്‌ ലഭിക്കാറുള്ളതെന്നും ഇവര്‍ പറയുന്നു. ഇവരുടെ വലയെറിയലും കൊട്ടവള്ളം തുഴച്ചിലും മീന്‍പിടുത്തവുമെല്ലാം കാണാന്‍ വേമ്പനാട്ടു കായലിന്റെയും  പുഴകളുടെയും തീരങ്ങളിൽ നിരവധി ആളുകളാണ്‌ രാവിലെയും വൈകുന്നേരവുമെല്ലാം എത്തുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K