19 January, 2019 05:24:13 PM


ജെഇഇ മെയിന്‍ ഫലം: വിഷ്ണു വിനോദിന് സംസ്ഥാനത്ത് ഒന്നാം റാങ്ക്; കെ.ഈ സ്കൂളിന് പൊന്‍തിളക്കം



കോട്ടയം: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിഷ്ണു വിനോദിന് ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിന് (ജെഈഈ മെയിന്‍) സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക്. നിലവില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥിയാണ് വിഷ്ണു എന്നത് റാങ്ക് നേട്ടത്തിന് മാറ്റ് കൂട്ടുന്നു. 99.9998 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് വിഷ്ണു ഈ നേട്ടം കൈവരിച്ചത്.


തുടര്‍ച്ചയായി രണ്ടാം തവണയാണ് ജെഇഇ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കെ.ഇ. സ്കൂളിലേക്കെത്തുന്നത്. ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ വിദ്യാലയത്തില്‍ നിന്നുള്ളവര്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയായ ആദിത്യഗോപനും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്‍നിരയില്‍ എത്തിയിട്ടുണ്ട്.


കുമളി അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാര്‍- ചാന്ദ്നി വിനോദ് ദമ്പതികളുടെ മൂത്ത മകനാണ് വിഷ്ണു. അച്ഛന്‍ വിനോദ്കുമാര്‍ കൃഷിക്കാരനാണ്. മക്കളുടെ ഉന്നതനിലവാരത്തിലുളള ഉപരിപഠനത്തിനുളള സാധ്യതകള്‍ക്കും പരിശീലനത്തിനും വേണ്ടി കുമളിയില്‍ നിന്നും കോട്ടയം ഗാന്ധിനഗറിലുളള വാസ്കോ വില്ലയിലേക്ക് താമസം മാറുകയായിരുന്നു എന്ന് പിതാവ് വിനോദ്കുമാര്‍ പറഞ്ഞു. 



ഇളയമകന്‍ വിശ്വനാഥ് 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും റീജിയണല്‍ മാത്തമറ്റിക്സ് ഒളിമ്പ്യാഡില്‍ സെലക്ഷന്‍ കിട്ടിയ 32 പേരില്‍ ഒരാളുമാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും പഠനത്തിന് സഹായിക്കുന്നതും അമ്മ ചാന്ദിനി ആണെന്ന് പിതാവ് വിനോദ് പറഞ്ഞു. മുമ്പ് കെവിപിവൈ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 21-ാം റാങ്കും വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്.


ജെഈഈ പരീക്ഷയില്‍ മാത്രമല്ല കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന പരീക്ഷകള്‍ക്കെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു എന്നതാണ് കെ.ഈ.സ്കൂളിന്‍റെ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാനാവുക. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കെവിപിവൈ (കിഷോര്‍ വൈജ്ഞാനിക പ്രോത്സാഹന്‍ യോജന) പരീക്ഷയിലൂടെ സ്കോളര്‍ഷിപ്പോടുകൂടി ഗവേഷണം നടത്തുന്നതിനു കെ ഈ സ്കൂളില്‍ നിന്ന് 32 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ റിസള്‍ട്ട്‌ ആയിരുന്നു ഇത്.


- വിഷ്ണു വേണുഗോപാല്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K