16 June, 2025 07:59:32 PM


എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ബിരുദം; ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു



കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള  പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍  അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ നേരിട്ടെത്തി ട്യൂഷന്‍ ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ എത്തേണ്ടതില്ല.  സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുത്താല്‍   മതിയാകും. 


ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്‍റ് മെമ്മോ  കോളജില്‍ നല്‍കി ജൂണ്‍ 19നു മുന്‍പ് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിന്‍റെ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് ഈ സ്ലിപ്പ് ആവശ്യമാണ്. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കാന്‍ കഴിയില്ല. ജൂണ്‍ 19ന് വൈകുന്നേരം നാലിനു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാകും.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K