28 January, 2019 05:21:51 PM


നാട്ടുകാര്‍ ഒന്നിച്ചു; വെള്ളാവൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് സ്വന്തം കെട്ടിടമുയരും



കോട്ടയം: വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ആയുര്‍വേദ ആശുപത്രിക്ക് നാട്ടുകാരുടെ പ്രയത്‌നത്താല്‍ സ്വന്തം സ്ഥലവും കെട്ടിടവും. 39 വര്‍ഷമായി കടയനിക്കാട് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാവൂര്‍ ഗവ. ആയൂര്‍വേദാശുപത്രിയ്ക്കാണ് കെട്ടിടമൊരുങ്ങുന്നത്. 

സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് വി.കെ കരുണാകരന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആശുപത്രി പുനരുദ്ധാരണ സമിതി രൂപീകരിച്ചത്. സമിതിയുടെ ശ്രമഫലമായി എട്ടാം മൈലിനടുത്ത് വെളളാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ അധീനതയിലുണ്ടായിരുന്ന എട്ട് സെന്‍റ് സ്ഥലം 3.75 ലക്ഷം രൂപയ്ക്ക് ആശുപത്രിയുടെ പേരില്‍ വാങ്ങി പഞ്ചായത്തിന് കൈമാറ്റം ചെയ്തു. എന്‍. ജയരാജ് എം.എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുളള 50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിട്ട നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനവും നടത്തി. ഡോക്ടര്‍ ക്യാബിന്‍, ഒ.പി മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം എന്നീ സൗകര്യങ്ങളാണ് പുതിയ ആശുപത്രിക്കെട്ടിടത്തിലുള്ളത്. പ്രദേശത്ത് ആയുര്‍വേദ ചികിത്സ തേടുന്ന വരുടെ ഏക പ്രതീക്ഷയാണ് വെള്ളാവൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി. ദിവസേന അമ്പതോളം രോഗികള്‍ ഇവിടുത്തെ ഒ.പിയിലെത്തുന്നുണ്ട്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ആശുപത്രിയുടെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണധികൃതര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K