02 November, 2023 06:49:30 PM


നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല- ഇന്ത്യൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷൻ



തിരുവനന്തപുരം: ചലച്ചിത്ര നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല'; നടിക്കെതിരെ ഇന്ത്യൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷൻ. പ്രസ്താവനയിലൂടെയാണ് അസോസിയേഷന്‍റെ പ്രതികരണം. മാനസികാരോഗ്യത്തെക്കുറിച്ച്‌ നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ പറഞ്ഞു.

ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങള്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലന ഉന്നയിച്ചിരുന്നു. ഒരിക്കല്‍ സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്ഡ്രോവല്‍ സിൻട്രം ഉണ്ടാകുമെന്നും ലെന വാദിക്കുന്നുണ്ട്.

പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറയുന്നു. 63ാമത്തെ വയസ്സില്‍ ടിബറ്റില്‍ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ തല മൊട്ടയടിച്ചതും ഹിമാലയത്തില്‍ പോകാൻ തോന്നിയതും. മോഹൻലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത് എന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ലെനയുടെ വാദങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K