18 December, 2023 03:55:28 PM


കൊവിഡ് കേസുകൾ കൂടുന്നു; കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാരോട് മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി



ബംഗളുരു: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ മാസ്‍ക് ധരിക്കണമെന്ന് ഉപദേശിച്ച് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു.  മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിർദേശം നൽകി. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.

അതേസമയം, കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ ഒരു മരണത്തിന് കാരണം കൊവിഡെന്ന് വിലയിരുത്തൽ. ഇന്നലെ 122 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K