06 May, 2019 02:30:02 PM


എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 98.11 ശതമാനം വിജയം; 37,334 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ്



തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം വിദ്യഭ്യാസവകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22 ശതമാനം. 37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.


ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്.  മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. 99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍. പിന്നില്‍ വയനാട് 93.22. 1167 സര്‍ക്കാര്‍ സ്കളൂകളില്‍ 599 സ്കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്കൂളുകളില്‍ 713 എയ്ഡഡ് സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു. 458 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 391 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി 389 ആയിരുന്നു കഴിഞ്ഞ വര്‍ഷം. 


ടിഎച്ച്എസ്എസ്എല്‍സി പരീക്ഷ  3208 പേര്‍ റഗുലറായി എഴുതി. ഇതില്‍ 3127 പേര്‍ ജയിച്ചു 99 ശതമാനം വിജയം. 252 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ടിഎച്ച്എസ്എസ്എല്‍സി പരീക്ഷ പ്രൈവറ്റായി എഴുതിയ ഏഴ് പേരില്‍ ആറ് പേരും വിജയിച്ചു. എസ്എസ്.എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) വിഭാഗത്തില്‍ 29 സ്കൂളുകളിലായി 286 കുട്ടികള്‍ പരീക്ഷ 284 പേര്‍ ജയിച്ചു. 99.3 ശതമാനം വിജയം നേടി. ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) വിഭാഗത്തില്‍ ഒരു സ്കൂളിലായി 14 പേര്‍ പരീക്ഷ എഴുതി . ഇവര്‍ എല്ലാവരും ഉന്നത പഠനത്തിന് യോഗ്യത. കലാമണ്ഡലത്തില്‍ എഎച്ച്എസ്എസ്എല്‍സി പരീക്ഷ എഴുതിയ  82 പേരില്‍ 78 പേരും പാസ്സായി. 95.12 ശതമാനം വിജയം നേടി. 


പ്രൈവറ്റായി എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2200 പേരില്‍ 1551 പേരും പരീക്ഷ ജയിച്ചു. 70.5 ആണ് പ്രൈവറ്റ് വിഭാഗത്തിലെ വിജയശതമാനം.  ഗള്‍ഫില്‍ 9 സെന്‍ററുകളിലായി പരീക്ഷ എഴുതിയ  495  പേരില്‍  489 പേരും പാസ്സായി 98.77ശതമാനം വിജയം. ലക്ഷദ്വീപിലെ ഒന്‍പത് സ്കൂളില്‍ 681 പേരില്‍ 599 പേരും പാസ്സായി വിജയശതമാനം 87.96. 


2939 കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതി. 2200 പേര്‍ പ്രൈവറ്റായും എഴുതി. മൂന്ന് ഘട്ടമായി 14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ആരുടെ ഫലവും തടഞ്ഞു വച്ചിട്ടില്ല. ഏറ്റവും  കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്തെ പികെഎംഎച്ച്എസ്എസ് എടരിക്കോട്  ആണ്. 2409 പേര്‍ ഇവിടെ പരീക്ഷ എഴുതി. പത്തനംതിട്ടയിലെ പെരിങ്ങര ഗവ.സ്കൂളില്‍ രണ്ട് പേര്‍ മാത്രമേ പരീക്ഷ എഴുതിയുള്ളൂ.  


ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷമപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 7 മുതല്‍ മെയ് 19 വരെ സമര്‍പ്പിക്കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും. ജൂണ്‍ ആദ്യവാരം സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങള്‍ക്ക് വരെ പരാജയപ്പെട്ടവര്‍ക്ക് സേ പരീക്ഷ എഴുതാം.2019-ലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷാഫലം പുറത്തു വന്ന ശേഷം ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K