02 June, 2019 01:33:43 AM


തൃശൂര്‍ മലയോര ഹൈവേ: ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി; നിര്‍മ്മാണം മൂന്ന് ഘട്ടങ്ങളായി




തൃശൂര്‍: ജില്ലയില്‍ മലയോര ഹൈവേ നിര്‍മ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് കല്ലിടാന്‍ നടപടി തുടങ്ങിയതായി ജില്ലാ വികസന സമിതി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് മലയോര ഹൈവേ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ചാലക്കുടി മണ്ഡലത്തിലെ വെള്ളിക്കുളങ്ങര മുതല്‍ വെറ്റിലപ്പാറ പാലം വരെ 18.35 കിലോ മീറ്ററും രണ്ടാം ഘട്ടം പട്ടിക്കാട് മുതല്‍ വെള്ളിക്കുളങ്ങര വരെയും മൂന്നാം ഘട്ടത്തില്‍ പാലങ്ങളുമാണ് നടപ്പിലാക്കുക. ഇതില്‍ വനഭൂമിയും ആവശ്യമായിട്ടുണ്ട്. ഇതിന് വനം വകുപ്പ് അപേക്ഷ നല്‍കിയതായും അറിയിച്ചു. ബി.ഡി. ദേവസ്സി എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.

പഴയന്നൂര്‍ വ്യവസായ പാര്‍ക്കിലെ പരിസ്ഥിതി മലിനീകരണം തടയുന്നതിന് ഡിസ്‌ക്കോ, മലിനീകരണ നിയന്ത്രണം ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യു ആര്‍ പ്രദീപ് എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എംഎല്‍എ തന്നെ അവതരിപ്പിച്ച രണ്ടാമത്തെ പ്രമേയത്തില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കെഡബ്ല്യൂഎ താല്‍ക്കാലിക കുടിവെളള പരിശോധനലാബും ആരംഭിക്കണമെന്നും നിര്‍ദ്ദേശിച്ചു.

പ്രളയകാലത്തെ കൃഷി നാശത്തിന് നഷ്ടപരിഹാരമായി ജില്ലയിലെ കര്‍ഷകര്‍ക്ക് 232765837 രൂപ അനുവദിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. കൃഷി വകുപ്പില്‍ നിന്ന് 184561111 രൂപയും ജില്ലാ കളക്ടറുടെ എസ്ഡിആര്‍ ഫണ്ടില്‍ നിന്ന് 48204726 രൂപയുമാണ് ലഭിച്ചത്. കൂടാതെ പമ്പുസെറ്റ് അറ്റകുറ്റപ്പണിയ്ക്കായി 9642927 രൂപയും അടിഞ്ഞു കൂടിയ ചെളി നീക്കാനായി 2894651 രൂപയും കൂടി അനുവദിച്ചു. 23792 കര്‍ഷകരെയാണ് കൃഷിനാശം ബാധിച്ചത്. ഇനി 2524951 രൂപയും വിതരണം ചെയ്യാനുണ്ട്.

ജില്ലയില്‍ വരള്‍ച്ച ബാധിച്ച പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം തുടരുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. ഇതിനായി പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പൊട്ടിയ കുടിവെള്ള വിതരണ പൈപ്പുകള്‍ അടിയന്തിരമായി അറ്റകുറ്റപണി നടത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

വിവിധ കേസുകളിലായി ജില്ലയില്‍ പിടിച്ചെടുത്ത 680ഓളം വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചെറുതുരുത്തി പഞ്ചായത്തില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ കിടക്കുന്ന, പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കാന്‍ നടപടിക്കും നിര്‍ദേശിച്ചു. യു.ആര്‍. പ്രദീപ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അഴീക്കോട് മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.

ജില്ലയിലെ പ്രളയം ബാധിച്ച വിദ്യാലയങ്ങളിലെ 2019-20 അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ക്ക് തടസ്സം വരാതിരിക്കാനായി പി.ടി.എ, ഒ.എസ്.ഒ, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ ബദല്‍ സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഉപഡയറക്ടര്‍ അറിയിച്ചു. പ്രളയം ബാധിച്ച ജില്ലയിലെ 105 വിദ്യാലയങ്ങളിലെ കേടുപാട് ബാധിച്ച കെട്ടിടം, ടോയ്ലറ്റുകള്‍, പാചകപ്പുര, ചുറ്റുമതില്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണത്തിനായി എം.പി ഫണ്ടിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം പ്രൊപ്പോസലുകളും എസ്റ്റിമേറ്റും സമര്‍പ്പിച്ചതായും അറിയിച്ചു.

റോഡുകളുടെ പ്രതലം വശങ്ങളില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന അപകടകരമായ സ്ഥലങ്ങളില്‍ പ്രീമണ്‍സൂണ്‍ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി മണ്ണ്, ക്വാറി വേസ്റ്റ് എന്നിവ ഉപയോഗിച്ച് അപകടം ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.

പ്രളയത്തോടനുബന്ധിച്ച് പീച്ചി വലതുകര കനാലില്‍ ഉരുള്‍പൊട്ടി വന്ന പാറകള്‍ പൊട്ടിച്ച് കടല്‍ഭിത്തിക്ക് ഉപയോഗിക്കാനായുള്ള പ്രവൃത്തിക്ക് സാങ്കേതിക അനുമതി നല്‍കുമെന്ന് അഡീഷനല്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനവും എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട് അവലോകനവും നടത്തി. ജില്ലാ കളക്ടര്‍ ടി.വി അനുപമ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K