04 October, 2019 09:06:15 AM


നായ്ക്കളുമായെത്തി പഴയന്നൂരിലെ ബാര്‍ അടിച്ചു തകര്‍ത്ത സംഭവം: തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍



തൃശൂർ: നായ്‍ക്കളുമായി വന്ന് പഴയന്നൂരിലെ ബാർ ഹോട്ടല്‍ അടിച്ചു തകർത്ത കേസിൽ രണ്ടു പേർ പിടിയിൽ. പൂങ്കുന്നം സ്വദേശി വൈശാഖ്, അഞ്ചേരി സ്വദേശി വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 20ന് രാത്രി പത്തേമുക്കാലോടെയാണ് 4 ജർമൻ ഷെപ്പേർഡ് നായ്ക്കളും വടിവാളുകളുമായി എത്തിയ യുവാക്കൾ പഴയന്നൂർ രാജ് ബാർ ഹോട്ടൽ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.


അന്ന് പകല്‍ മദ്യപിച്ചശേഷം ബിൽ തുകയായ 950 രൂപ നൽകാൻ പണമില്ലാത്തതിനാൽ ബാറിലെ സപ്ലയർ 2 യുവാക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് ആക്രമണത്തിനു പ്രകോപനമായത്. സ്ഥലംവിട്ട യുവാക്കള്‍ രാത്രി നായ്ക്കളുമായി തിരിച്ചെത്തി വന്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. റസ്റ്റോറന്‍റിന്‍റെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ലോക്കൽ ബാറിനുള്ളിൽ വടിവാൾ വീശി ആൾക്കാരെ ഓടിച്ചു. കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത് വധഭീഷണി മുഴക്കിയാണ് ഇവര്‍ മടങ്ങിപോയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K