21 November, 2019 09:50:30 PM


ഓണ്‍ലൈന്‍ മരുന്ന് വിതരണം നടത്തിയ കൊച്ചിയിലെ മരുന്നു കടയുടെ ലൈസന്‍സ് റദ്ദാക്കി




കൊച്ചി:  തൃക്കാക്കരയില്‍ പൈപ്പ്‌ലൈന്‍ ജംങ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ എറണാകുളം അസിസ്റ്റന്‍റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍ റദ്ദാക്കി.  സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി ഓണ്‍ലൈന്‍ മരുന്ന് വിപണനം നടക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികള്‍ക്ക് ബോദ്ധ്യപ്പെട്ടു. സ്ഥാപനം സ്വയം ആവിഷ്‌ക്കരിച്ച ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനില്‍ പ്രിസ്‌ക്രിപ്ഷന്‍ സ്വീകരിച്ച്, മരുന്ന് വിതരണം നടത്തുന്ന രീതിയാണ് അവലംബിച്ചിരുന്നത്.  


ഇപ്രകാരം നാര്‍ക്കോട്ടിക് മരുന്നുകള്‍ ഉള്‍പ്പെടെ വിവിധ ഇനം മരുന്നുകള്‍ വലിയ അളവില്‍ സ്ഥാപനത്തില്‍ നിന്നും വില്‍ക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നും നിയമവിരുദ്ധമായി ഓണ്‍ലൈന്‍ വ്യാപാരം നടത്തിയതിനുമാണ് നടപടി.  ഈ കാര്യാലയത്തിന്റെ അധികാര പരിധിയില്‍ വരുന്ന പല സ്ഥാപനങ്ങളും നിരീക്ഷണത്തിലാണെന്നും അനധികൃതമായി ഓണ്‍ലൈന്‍ മരുന്ന് വിപണനം ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറും ലൈസന്‍സിങ് അതോറിറ്റിയുമായ സാജുജോണ്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K