17 December, 2019 09:38:48 AM


ജെ.എൻ.യുവിൽ വിദ്യാർഥികളുടെ ബഹിഷ്കരണം; പരീക്ഷ വാട്സാപ്പ് വഴി നടത്തും



ദില്ലി: പ്രതിഷേധം ശക്തമായതോടെ ജെഎൻയുവിൽ പരീക്ഷ നടത്താൻ വേറിട്ട വഴി തേടി അധികൃതർ. വിദ്യാർഥികൾ വ്യാപകമായി പരീക്ഷ ബഹിഷ്കരിച്ചതോടെ വാട്സാപ്പ് വഴി പരീക്ഷ നടത്താനാണ് തീരുമാനം. ഇന്‍റർനാഷണൽ സ്റ്റഡീസ് വിഭാഗത്തിലെ എംഫിൽ എംഎ അവസാന സെമസ്റ്റർ പരീക്ഷകളാണ് ഇത്തരത്തിൽ നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഡീൻ യോഗം തീരുമാനിച്ചത്.


യോഗത്തിലെ തീരുമാനപ്രകാരം പരീക്ഷകളുടെ ചോദ്യപേപ്പർ വാട്സാപ്പ്, ഇ-മെയിൽ വഴി വിദ്യാർഥികൾക്ക് അയച്ചുകൊടുക്കും. ചോദ്യങ്ങൾക്കുള്ള ഉത്തരം ഡിസംബർ 21ന് അകം മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് വിദ്യാർഥികൾ അയച്ചുനൽകണമെന്നാണ് നിർദേശം. ഇ-മെയിൽ വഴിയോ, പേപ്പറിൽ എഴുതി സ്കാൻ ചെയ്തോ വേണം ഉത്തരം തിരികെ അയച്ചുനൽകേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


ഇത്തരത്തിൽ പരീക്ഷ നടത്തുമ്പോൾ ക്രമക്കേട് ഉണ്ടാകില്ലെയെന്ന ചോദ്യം അധികൃതർ തള്ളിക്കളയുന്നു. വിദ്യാർഥികൾ ക്രമക്കേട് കാണിക്കില്ലെന്നും, അവരെ വിശ്വാസമാണെന്നും സർവകലാശാല വക്താവ് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷ നടത്താൻ മറ്റൊരു വഴിയുമില്ല. വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും ജെഎൻയുവിലെ ഇന്‍റർനാഷണൽ സ്റ്റഡീസ് ഡീൻ അശ്വിനി മൊഹപത്ര പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K