27 December, 2019 12:22:40 PM


'പ്രേതങ്ങളെ കാണുന്ന' രോഗികളെ ചികിത്സിക്കാൻ കോഴ്സുമായി ഇന്ത്യൻ സർവകലാശാല



ദില്ലി: പ്രേതങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന മനോരോഗികളെ ചികിത്സിക്കുന്നതിനുള്ള കോഴ്സുമായി ബനാറസ് ഹിന്ദു സർവകലാശാല. ഭൂതവിദ്യ എന്ന പേരിലാണ് ഡോക്ടമാർക്കായി ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് സർവകലാശാല മുന്നോട്ടുവെക്കുന്നത്. സർവകലാശാലയിലെ ആയുർവേദ വിഭാഗമാണ് കോഴ്സ് നടത്തുന്നതത്രേ.  സൈക്കോസോമാറ്റിക് ഡിസോർഡർ വിഭാഗത്തിൽപ്പെട്ട മനോരോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനായാണ് ഭൂതവിദ്യ എന്ന കോഴ്സ് തുടങ്ങുന്നതെന്ന് ആയുർവേദ വിഭാഗം ഡീൻ യാമിനി ഭൂഷൺ ത്രിപാഠി പറയുന്നു.


ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു കോഴ്സ് തുടങ്ങുന്നത് ബനാറസ് സർവകാശാലയാണെന്നും യാമിനി അവകാശപ്പെട്ടു. സാധാരണ ആയുർവേദ തെറാപ്പികളായ പച്ച മരുന്നുകളും, ഭക്ഷണശീലവും മസാജിങ്ങും, ശ്വസന വ്യായാമവും ഉൾപ്പെടുന്നതാണ് ഭൂതവിദ്യ കോഴ്സ്. 2016-ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് റിപ്പോർട്ട് പ്രകാരം 14 ശതമാനം ഇന്ത്യക്കാർ ഏതെങ്കിലുമൊരു മനോരോഗത്തിന്‍റെ പിടിയിലാണെന്ന് ചൂണ്ടികാണിക്കുന്നു. 2017ഓടെ 20 ശതമാനം ഇന്ത്യക്കാരിൽ വിഷാദം ഒരു രോഗാവസ്ഥയായി മാറുമെന്നും പറയപ്പെടുന്നു. അതേസമയം 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ മനോരോഗ ചികിത്സാ വിദഗ്ധരായി 4000 പേർ മാത്രമെയുള്ളുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.


നിരവധി ആളുകൾ ചികിത്സ തേടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ത്യക്കാരിൽ മനോരോഗം കൂടുതൽ രൂക്ഷമാകുന്നതായും വിദഗ്ധർ പറയുന്നു. തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ മിക്ക രോഗങ്ങളും ഭേദമാക്കാനാകും. എന്നാൽ അസുഖം തിരിച്ചറിയപ്പെടാതെ പോകുകയാണ് മിക്കവരിലും ഉണ്ടാകുന്നത്. അതേസമയം ഭൂതവിദ്യ എന്ന പേരിൽ ബനാറസ് സർവകലാശാല കോഴ്സ് തുടങ്ങുന്നതിനെതിരെ ആധുനിക വൈദ്യശാസ്ത്രത്തിലെ വിദഗ്ദർ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ മനോരോഗങ്ങൾക്ക് ആയുർവേദം ഫലപ്രദമാകില്ലെന്നും, ആധുനികവൈദ്യശാസ്ത്രത്തിലെ ചികിത്സമാത്രമെ ഫലം കാണുകയുള്ളുവെന്നുമാണ് ഇവരുടെ വാദം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K