29 April, 2020 06:31:29 PM


അധ്യാപകനും ഫോട്ടോഗ്രാഫറും ഒത്തുചേര്‍ന്നപ്പോള്‍ ഉരുത്തിരിഞ്ഞത് അറിവിന്‍റെ പുതിയ വാതായനം

- സുനില്‍ പാലാ



പാലാ: അധ്യാപകനും ഫോട്ടോഗ്രാഫറും ഒത്തുചേര്‍ന്നപ്പോള്‍ ഉരുത്തിരിഞ്ഞത് അറിവിന്‍റെ പുതിയ വാതായനം. തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ഗണിത ശാസ്ത്രം അദ്ധ്യാപകനും എസ്ഐടിസിയുമായ ജിസ്മോൻ മാത്യുവിന്റെ 'മൾട്ടി ടാലന്റും', ഈരാറ്റുപേട്ട പ്ലാശ്ശനാലിൽ പ്രൊഫഷണൽ സ്റ്റുഡിയോ നടത്തുന്ന സുഹൃത്ത് അനൂപ് അഞ്ജലിയുടെ അർപ്പണ മനോഭാവവും കൂടിച്ചേർന്നപ്പോൾ "ലോക്ക് ഡൗൺ" കാലത്ത് സാക്ഷാത്ക്കരിക്കപ്പെട്ടത് കുട്ടികൾക്കും, അറിവു തേടുന്നവർക്കും, അന്വേഷണ കുതുകികൾക്കും ഉപകരിക്കുന്ന ഒരു ചാനൽ.


ഇവർ തുടങ്ങിയ "ലെജന്‍ഡ്സ് ടാക്ക്" എന്ന യൂറ്റ്യൂബ് ചാനലിൽ സിലബസിനപ്പുറമുള്ള കാര്യങ്ങളാണ് കൂടുതൽ. 
ജിസ്മോൻ മാത്യു വേദഗണിതത്തിൽ അധിഷ്ഠിതമായി, ഗണിത ക്രിയകൾ എളുപ്പമാക്കാനുള്ള സൂത്രവിദ്യകൾ പഠിപ്പിക്കുമ്പോൾ മലയാള ഭാഷയിൽ അന്യം നിന്നുപോയ ഉച്ഛാരണ ശുദ്ധിയും, വാക്കുകൾ വന്നവഴിയും വ്യാകരണവും എല്ലാം ആദ്യാക്ഷരം മുതൽ എടുക്കുന്നത് പ്രശസ്ത സാഹിത്യകാരൻ ചാക്കോ സി. പൊരിയത്ത് ആണ്. കൂടാതെ മറ്റനേകം വിഷയങ്ങളിലെ പ്രഗത്ഭർ സാധാരണ കാണാൻ കഴിയാത്ത വിഷയങ്ങൾ അവതരിപ്പിക്കുന്നു.


ഗണിതശാസ്ത്രത്തിലും, മന:ശാസ്ത്രത്തിലും മാസ്റ്റർ ഡിഗ്രിയുള്ള ജിസ്‌മോൻ, വളരെ പ്രഗത്ഭനായ ഒരു മജീഷ്യനും, മെന്റലിസ്റ്റും, അന്താരാഷ്ട്ര റേറ്റിംഗ് ഉള്ള ചെസ്സ് താരവും, ലോക ചെസ്സ് ഫെഡറേഷന്റെ അന്താരാഷ്ട്ര ടൈറ്റിൽ നേടിയ ആർബിറ്ററും, നിലവിൽ ചെസ്സ് അസ്സോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മീഷൻ ചെയർമാനുമാണ്. നിരവധി വേദികളിൽ മോട്ടിവേഷൻ സ്പീക്കറായിട്ടുള്ള ജിസ്മോൻ ഗണിതത്തിലെ സൂത്രവിദ്യകളുടെ ക്ലാസ്സുകൾക്ക് ശേഷം മാജിക്, ചെസ്സ്, ഹിപ്നോട്ടിസം, മൈൻഡ് കൺട്രോൾ തുടങ്ങി വിദ്യാർത്ഥികൾക്ക് ഗുണപ്രദമായ ക്ലാസ്സുകൾ നല്കും.


സാധാരണക്കാർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽ തേടുന്നവർക്കും, വിജ്ഞാനദാഹികൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഈ ചാനൽ ആരെയും മുഷിപ്പിക്കാതെ പത്ത് മിനിട്ടിനോടടുത്ത് ദൈർഘ്യമുള്ള ചെറു വീഡിയോകളായിട്ടാണ് ക്ലാസ്സുകൾ ചെയ്തിരിക്കുന്നത്. ചാനൽ തുടങ്ങി ഒരു മാസത്തിനുള്ളിൽത്തന്നെ നിരവധി സബ്സ്ക്രൈബര്‍മാരെ കിട്ടാൻ കാരണവും ഈ ഗുണങ്ങൾക്കൊണ്ടു തന്നെയാണ്.


കട്ടപ്പന ഈട്ടിത്തോപ്പ് സ്വദേശിയായ അനൂപ് ഇരുപത് വർഷത്തോളമായി ഈരാറ്റുപേട്ടയിൽ സ്ഥിരതാമസമാണ്.  ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  ഷോർട്ട് ഫിലിമുകൾക്കും, സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ഇദ്ദേഹം വളർന്നു വരുന്ന യുവഫോട്ടോ-വീഡിയോഗ്രാഫർമാർക്ക് ഒരു മാതൃക തന്നെയാണ്.


താഴെക്കാണിച്ചിരിക്കുന്ന ലിങ്കുകളിൽ ചാനൽ 'SUBSCRIBE ' ചെയ്യാനും ക്ലാസ്സുകൾ കാണാനും സാധിക്കും.


https://youtu.be/unI8S6279I4
https://youtu.be/KqZU7BjBUQk
https://www.youtube.com/channel/UC7y7ecIIJ75T_ALK3Gzum5A?sub_confirmation=1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K