17 May, 2020 08:57:22 PM


കോൺഗ്രസ് ഗ്രൂപ്പ് പോര് വീട്ടുവഴക്കിലേക്കും: 2 നേതാക്കള്‍ക്കെതിരെ കേസ്



തൃശ്ശൂർ : തൃശ്ശൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയിലായി. കോൺഗ്രസ് ന്യൂനപക്ഷ സെൽ ബ്ലോക്ക് ചെയർമാൻ സിജോയെയും ഭാര്യയേയും മകനെയും ഡിസിസി ജനറൽ സെക്രട്ടറി സരസനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സരസനെതിരെ പുതുക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. സരസന്‍റെ പരാതിയിൽ സിജോയ്ക്കും ഭാര്യയ്ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എങ്കിലും കോവിഡ് ജാഗ്രത തുടരുന്നതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.


കോൺഗ്രസ് നേതാക്കളായ സിജോയും സരസനും ആമ്പല്ലൂർ വെണ്ടൂരില്‍ അയൽക്കാരാണ്. സിജോയുടെ വീടിന് മുൻവശത്ത് കൂടിയാണ് സരസന്‍റെ വീട്ടിലേക്കുള്ള വഴി. കഴിഞ്ഞ ദിവസം സിജോ മുറ്റത്ത് ടൈൽസ് വിരിച്ചപ്പോൾ സരസന്‍റെ വഴിയിലും ടൈൽ പാകി. ചോദിക്കാൻ ചെന്ന സരസനും സിജോയും തമ്മിൽ വാക്കേറ്റമുണ്ടായി. പിറ്റേ ദിവസം സരസന്‍റെ ആളുകൾ വഴിയിലെ ടൈലുകൾ എടുത്തു മാറ്റാൻ തുടങ്ങിയതോടെ പ്രശ്നം വഷളായി. ചോദിക്കാൻ ചെന്ന സിജോയെ മർദ്ദിച്ചു. തടയാൻ ചെന്ന ഭാര്യയേയും മകനെയും വെറുതെ വിട്ടില്ല.


തൃശ്ശൂരിൽ  എ ഗ്രൂപ്പിലെ വിശ്വനാഥൻ പക്ഷക്കാരനായിരുന്നു സിജോയും സരസനും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഇടയ്ക്ക് സിജോ ഗ്രൂപ്പ് മാറി ജോസഫ് ടാജറ്റ് പക്ഷത്തേക്ക് ചേർന്നിരുന്നു. ഇതാണ് ശത്രുതയ്ക്ക് കാരണം. രണ്ട് മാസം മുമ്പ് സിജോയുടെ കാർ തല്ലി പൊളിച്ച സംഭവത്തിൽ സിജോ ഡി സി സിയ്ക്കും കെ പി സി സി ക്കും പരാതി നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K