28 June, 2020 05:47:11 PM


കോട്ടയത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ആറു പേര്‍ക്ക് രോഗ മുക്തി





കോട്ടയം: ജില്ലയില്‍ പുതിയതായി  അഞ്ചു  പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. ആറു പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. കോട്ടയം ജില്ലക്കാരായ ആകെ 120 പേരാണ് കോവിഡ് ബാധിതരായി  ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 


ഇതില്‍  നാലുപേര്‍ ജൂണ്‍ 26ന്  രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളാണ്.  ഇവരുടെ ഭര്‍ത്താവ്(37),  ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ജൂണ്‍ 19ന് മുംബൈയില്‍നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാള്‍. ഹോം ക്വാറന്റയിനില്‍ കഴിയവേ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മുംബൈയില്‍നിന്നെത്തിയ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 


ഇതില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 35 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും, 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.  


രോഗമുക്തരായവര്‍


1 .  ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി (32)


2 . ഹൈദരാബാദില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി (24)


3 . ഖത്തറില്‍നിന്ന് എത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (34)


4 . റിയാദില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയായ ആണ്‍ കുട്ടി (10)


5 . റിയാദില്‍നിന്ന്  എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയായ പെണ്‍കുട്ടി (6)


6 .അബുദാബിയില്‍നിന്ന് എത്തി ജൂണ്‍   14ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചങ്ങനാശേരി   സ്വദേശി (34)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K