25 July, 2021 05:44:54 PM


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രധാന പ്രതികളായ മുന്‍ സെക്രട്ടറിയും മാനേജരും പൊലീസ് കസ്റ്റഡിയില്‍



തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. നാല് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.


കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ഇവര്‍ തൃശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തട്ടിപ്പിനിരയായവരിൽ നിന്നും വാങ്ങിയ പണം എവിടെയെന്നറിയാൻ ഇവർ നടത്തിയ ക്രയവിക്രയങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്.


100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം സി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു. മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി ആര്‍ സുനില്‍കുമാറും ബിജുവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K