30 July, 2021 08:37:44 PM


നിയമം, മനുഷ്യാവകാശം: കൊച്ചി നുവാൽസിൽ ഗവേഷണ പ്രൊജക്ട് പരിശീലനം



കൊച്ചി: കേരള സര്‍ക്കാരിന്‍റെ സഹായത്തോടെ നുവാൽസിൽ നടപ്പാക്കിയ വിദ്യാര്‍ഥി ഗവേഷണ പ്രൊജക്ട് പദ്ധതി അനുസരിച്ച് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി തമിഴ് നാട് ഡോ. അംബേദ്കർ നിയമ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എന്‍. എസ്. സന്തോഷ് കുമാർ നിർവഹിച്ചു. യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണി അധ്യക്ഷനായിരുന്നു.

നിയമം, മനുഷ്യാവകാശം എന്നീ മേഖലകളിലെ ഗവേഷണത്തിന് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതിയില്‍ മദ്ധ്യപ്രദേശിലെ തോട്ടിപ്പണി നിര്‍മാര്‍ജനത്തില്‍ സാങ്കേതിക  വിദ്യക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ജബല്‍പൂര്‍ ദേശീയ നിയമ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ശൈലേശ്വര്‍ യാദവും, ചെങ്കൽപ്പെട്ട് ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പൗരാവകാശം എന്ന വിഷയത്തില്‍ ചെന്നൈ ഗവണ്‍മെന്‍റ് ലോ കോളേജിലെ വിദ്യാര്‍ഥിനിയായ ദേവദര്‍ശിനി കെ. യും ഗവേഷണം നടത്തും.


കേരള , കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര  ബിരുദ വിദ്യാര്‍ഥിനികളായ മാളു എ എം, അനുശ്രീ ജെ എന്നിവര്‍ കൊല്ലം ജില്ലയിലെ പട്ടികവര്‍ഗക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള അവകാശം, ഡിജിറ്റലൈസേഷനും മഹാമാരി കാലത്തെ കുട്ടികളുടെ വിദ്യാഭ്യാസവും എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തും.

മഹാത്മാഗാന്ധി  സർവകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്സിലെ വിദ്യാര്‍ഥിനികളായ ഹെല്‍ന ജോര്‍ജ്ജ്, ആല്‍ഫിയ ലത്തീഫ് എന്നിവര്‍ വനിതാ തടവുകാരുടെ നവീകരണത്തിലൂടെയുള്ള സമൂഹത്തിലേക്കുള്ള പുനഃസംയോജനം, കോവിഡ് കാലത്തെ കേരളത്തിലെ തടവുകാരുടെ മനുഷ്യാവകാശ സംരക്ഷണം  എന്നീ വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നത്.

നുവാല്‍സിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ ഡോ. അമ്പിളി. പി, ഡോ. സന്ദീപ് എം. എന്‍,  ഡോ. അപര്‍ണ ശ്രീകുമാര്‍ , ധര്‍മശാസ്ത്ര ദേശീയ നിയമ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായ ഡോ. ശില്പ ജയിന്‍, ചെന്നൈ അംബേദ്കര്‍ ഗവണ്‍മെന്‍റ്  ലോ കോളേജ് അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. വി. ശ്യാം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. ഗിരീഷ് കുമാര്‍ ജെ, മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്സിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. രാജേഷ് എ. പി. അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. ജാസ്മിന്‍ അലക്സ്, എന്നിവര്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K