15 November, 2021 04:58:10 PM


അധികാര വികേന്ദ്രീകരണത്തിൽ എല്ലാ ഫെഡറൽ രാജ്യങ്ങളിലും മാറ്റങ്ങൾ വന്നു - ഡോ. കെയിൽ



കൊച്ചി: കൊച്ചിയിലെ നിയമ സർവ്വകലാശാലയായ നുവാൽസും സ്വിറ്റസർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെഡറലിസവും ചേർന്ന് ഫെഡറൽ ആശയം, ഇന്ത്യയിലെയും ശ്രീലങ്കയിലെയും നിലവിലെ കാഴ്ചപാട് എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വിറ്റസർലണ്ടിലെ സ്വിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെഡറലിസം അക്കാദമിക് ഹെഡ് ഡോ. സോറെയ്ൻ കെയിൽ, സീനിയർ റിസർച്ച് ഫെല്ലോ ഡോ. രേഖ ഒലേശ്ചക്, ശ്രീലങ്കയിലെ മുൻ പ്രസിഡന്റ്സ് കൌൺസിൽ ഡോ. ജയമ്പതി വിക്രമരത്‌നെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

മാറിയ സാഹചര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാര വികേന്ദ്രീകരണത്തിൽ കാര്യമായി മാറ്റങ്ങൾ എല്ലാ ഫെഡറൽ രാജ്യങ്ങളിലും വന്നിട്ടുണ്ടെന്ന് ഡോ. സോറെയ്ൻ കെയിൽ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കത്തക്ക രീതിയിൽ ശ്രീലങ്കൻ ഫെഡറലിസം വികാസം പ്രാപിച്ചിട്ടുണ്ടെന്ന് ഡോ. ജയമ്പതി വിക്രമരത്‌നെ അഭിപ്രായപ്പെട്ടു. സാമ്പത്തികവും രാഷ്ട്രീയവുമായി ഇന്ത്യയിൽ കഴിഞ്ഞ 10 വർഷങ്ങളിൽ  വന്നിട്ടുള്ള മാറ്റങ്ങളുടെ പ്രതിഫലനം ഇന്ത്യയുടെ ഫെഡറൽ ഘടനയെയും ബാധിച്ചിട്ടുണ്ടെന്ന് ഡോ. രേഖ ഒലേശ്ചക് അഭിപ്രായപ്പെട്ടു. എറണാകുളം ഗവണ്മെന്റ് ലോ കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ഗിരിശങ്കർ ചർച്ചകൾക്ക് മോഡറേറ്ററായി. നുവാൽസ് പ്രൊഫസർ ഡോ. മിനി എസ്. അസിസ്റ്റന്റ് പ്രൊഫസർമാരായ അഭയചന്ദ്രൻ കെ., ഡോ. അമ്പിളി പി., ലക്‌ചററായ ഐശ്വര്യ ജോൺസൻ, വിദ്യാർത്ഥി പ്രതിനിധി ലക്ഷ്മി കെ. എന്നിവരാണ് നേതൃത്വം നൽകിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K