17 November, 2021 05:56:07 PM


കുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും സ്നേഹപൂര്‍വം പദ്ധതി; അപേക്ഷ ഡിസംബര്‍ 15 വരെ



പാലക്കാട്: മാതാപിതാക്കള്‍ രണ്ടു പേരും/ ഒരാളോ മരിക്കുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കാന്‍ സാമൂഹിക സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വം പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും ആറുമുതല്‍ 10 വരെയുള്ളവര്‍ക്ക് 500 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് 750 രൂപയും ഡിഗ്രി, പ്രൊഫഷണല്‍ വിഭാഗക്കാര്‍ക്ക് 1000 രൂപയും ലഭിക്കും. നഗര പ്രദേശങ്ങളില്‍ 22, 375 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.


എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വരുമാന പരിധിയില്ലാതെ ആനുകൂല്യം ലഭിക്കും. അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നേരിട്ടും അഞ്ചുവയസ് മുതല്‍ ഉള്ള കുട്ടികള്‍ സ്‌കൂള്‍/കോളേജ് മേധാവികള്‍ക്കും ഡിസംബര്‍ 15 നകം അപേക്ഷ നല്‍കണം. രക്ഷിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ്, ബി പി എല്‍ സര്‍ട്ടിഫിക്കറ്റ് / ബി പി എല്‍ റേഷന്‍ കാര്‍ഡ് കോപ്പി/  വരുമാന സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള രക്ഷിതാവിനെ യും കുട്ടിയുടെയും പേരില്‍ ദേശസാല്‍കൃത അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്ബുക്ക് ആദ്യപേജിന്റെ പകര്‍പ്പ്,ആധാര്‍ കാര്‍ഡിനെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ www.socialsecuritymission.gov.in ല്‍ ലഭിക്കും. ഫോണ്‍:0471- 2348135, 0471- 2341200



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K