24 November, 2021 09:43:35 AM


കുതിരാൻ തുരങ്ക നിർമ്മാണം: ട്രയൽ റൺ നാളെ മുതൽ; യാത്രക്കാർക്കുള്ള നിർദേശങ്ങൾ



തൃശൂർ: മണ്ണുത്തി – വാളയാർ ദേശീയപാത 544 ൽ കുതിരാൻ രണ്ടാം തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയൽ റൺ നാളെ മുതൽ നടത്തും. താഴെപ്പറയുന്ന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

>  നവംബർ 25 മുതൽ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കും.

>  വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വഴുക്കുംപാറമുതൽ റോഡിനു നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി  3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ച് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കും. 

>  വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കും. ഇതിനായി ആവശ്യമുള്ള സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിച്ചു.   

>  നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ രാത്രികാലങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തും. കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഡിവൈഡറുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ എന്നിവ സ്ഥാപിച്ചു. 

>  തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

>  നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങൾ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ല. 

>  വാഹനങ്ങൾ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം. 

>  കുതിരാൻ നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പോലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. 

>  ഏതെങ്കിലും തരത്തിൽ തുരങ്കത്തിനകത്ത് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അപകടം മൂലമോ, യന്ത്രത്തകരാർ മൂലമോ സഞ്ചരിക്കാൻ കഴിയാതെ വന്നാൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കും. 

>  നിർമ്മാണ മേഖലയിൽ പാറപൊട്ടിക്കൽ നടക്കുന്ന സമയത്ത് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. 

>  ട്രയൽ റൺ വിജയകരമായി പൂർത്തിയാകുന്ന മുറയ്ക് രണ്ടാം തുരങ്കത്തിലേക്കുള്ള നിലവിലുള്ള റോഡ് പൊളിച്ച് പുതിയ റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. 

>  തുരങ്കത്തിനകത്ത് മൊബൈൽ ഫോൺ റേഞ്ച് ലഭ്യമല്ല. അത്യാവശ്യഘട്ടത്തിൽ തുരങ്കത്തിനകത്ത് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരുടെ സഹായം തേടുക. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K