16 December, 2021 03:57:18 PM


'ഇയര്‍ ബാക്ക്' നടപടിയുമായി സര്‍വ്വകലാശാല: ബിഫാം വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്



ഏറ്റുമാനൂര്‍: കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിൽ ബിഫാമിന് പഠിക്കുന്ന കുട്ടികള്‍ അധ്യയനവര്‍ഷം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക്. ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിനുപോലുമില്ലാത്ത നിയമം നടപ്പാക്കി വിദ്യാഭ്യാസ ദൈർഘ്യം കൂട്ടാനുള്ള സര്‍വ്വകലാശാലാ നടപടി സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കാനാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും കടുത്ത നിരാശയിലാക്കുന്ന നിബന്ധനകളാണ് സർവ്വകലാശാല അടുത്തിടെ കൊണ്ടുവന്നത്. മുൻ സെമസ്റ്റർ പരീക്ഷകളിലെ മുഴുവൻ പേപ്പറുകൾ വിജയിച്ചാൽ മാത്രമേ അടുത്ത സെമസ്റ്റർ പ്രവേശനം സാദ്ധ്യമാകുവെന്ന തീരുമാനത്തിനുപുറമെയാണ് പരീക്ഷ നടത്താതെ 'ഇയർ ബാക്ക്' കൂട്ടുന്നതിലേക്കുള്ള നടപടി സര്‍വ്വകലാശാല സ്വീകരിച്ചത്. മറ്റു സർവ്വകലാശാലകൾ കോവിഡ് കാലത്ത് ഓൺലൈൻ പരീക്ഷ നടത്തി വിദ്യാഭ്യാസദൈർഘ്യം കൂട്ടാതെ കോഴ്സുകള്‍ മുന്നോട്ട് കൊണ്ടുപോയപ്പോഴാണ് ആരോഗ്യസര്‍വ്വകലാശാലയുടെ ഈ നടപടിയുണ്ടായത്.

ഓണ്‍ലൈനില്‍ പരീക്ഷ നടത്താന്‍ തയ്യാറാവാതെ വന്നതോടെ കൃത്യസമയത്ത് പരീക്ഷയ്ക്കിരിക്കുവാനോ പാസാകാനോ വിദ്യാര്‍ഥികള്‍ക്കായില്ല. നാല് വര്‍ഷകോഴ്സില്‍ എട്ട് സെമസ്റ്റര്‍ പരീക്ഷകളാണ് ഉള്ളത്. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ ജയിച്ചാല്‍ മാത്രമേ അഞ്ചാം സെമസ്റ്റര്‍ ക്ലാസില്‍ പ്രവേശനമുള്ളു. അതുപോലെ മൂന്ന് മുതല്‍ ഏഴ് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ ജയിച്ചാലേ എട്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനാവൂ. പരീക്ഷ കൃത്യസമയത്തു നടക്കാതെവന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍‍ഷം നഷ്ടപ്പെടുകയാണുണ്ടായത്. വിവിധ സെമസ്റ്ററുകളിലായി പഠിക്കുന്ന ആയിരത്തിലേറെ വിദ്യാർത്ഥികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.

സര്‍വ്വകലാശാലാ തീരുമാനത്തില്‍ പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മൗനം പാലിക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഒന്നു മുതല്‍ നാല് വരെ വര്‍ഷങ്ങളിലായി ബിഫാമിന് ഒരേ സമയം നാല് ബാച്ചുകളാണ് ഉണ്ടാവുക. എന്നാലിപ്പോള്‍ അത് അഞ്ച് ബാച്ചുകളിലെത്തിനില്‍ക്കുകയാണ്. നാല് വർഷ കോഴ്സ് സർവ്വകലാശാല അനാസ്ഥയിൽ അഞ്ചും അതിലേറെ വർഷവും നീളുന്ന സാഹചര്യം ഉടലെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികചൂഷണത്തിനുള്ള അവസരമൊരുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.

ചില പേപ്പറുകൾ നഷ്ടപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ് നടത്തി അവരെ ഇയർ ബാക്കാകാതെ  ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്നും കോളേജ് അധികൄതര്‍ പിന്‍മാറുന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളും ഈ നടപടിയിലൂ‌ടെ ഏറെ വെട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ കേരളത്തിലാകമാനമുള്ള വിദ്യാര്‍ഥികള്‍ തൃശൂരില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തിനുമുന്നില്‍ സമരം നടത്താനുള്ള തീരുമാനത്തിലാണ്. അടുത്ത 21 മുതല്‍ മൂന്ന് ദിവസം കുത്തിയിരുപ്പ് സത്യാഗ്രഹം നടത്താനും അനുകൂലനടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങാനുമാണ് ഇവരുടെ തീരുമാനം. അതേസമയം, വിവിധ രാഷ്ട്രീയകക്ഷികളുടെ വിദ്യാര്‍ഥിസംഘടനകള്‍ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും പരോക്ഷപിന്തുണയുമായി രംഗത്തുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K