03 March, 2022 06:43:42 PM


ജെസ്സപ്പ് ലോക റൗണ്ടില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി കൊച്ചി നുവാല്‍സും



കൊച്ചി: ഫിലിപ്പ് സി ജെസ്സപ്പ്  ഇൻറർനാഷണൽ മൂട്ട് കോർട്ട് മത്സരത്തിന് യോഗ്യത നേടി കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ടീം. ദേശീയതലത്തിൽ നടന്ന റൗണ്ടുകൾക്ക് ശേഷമാണ് മറ്റ് ഏഴ് ടീമുകൾക്കൊപ്പം നുവാൽസ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യത നേടിയത്. അനീറ്റ എലിസബത്ത് ബാബു, ആഞ്ജലീന ജോയി ,കാവ്യ ജിതേന്ദ്രൻ, റുബ്ബയ്യ തസ്നീം എന്നിവരാണ് അന്താരാഷ്ട്ര മത്സരത്തിനു യോഗ്യത നേടിയത്. നുവാൽസിൽ ബിഎഎൽഎൽബി (ഓണേഴ്സ്) നാലാം വർഷ വിദ്യാർത്ഥികളാണിവർ.

ഫിലിപ്പ് സി. ജെസ്സപ്പ് ഇന്റർനാഷണൽ ലോ മൂട്ട് കോർട്ട് കോംപറ്റീഷൻ, ജെസ്സപ്പ് മൂട്ട് അല്ലെങ്കിൽ ദി ജെസ്സപ്പ് എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്തർദേശീയ മൂട്ട് മത്സരമാണിത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഒരു സാങ്കൽപ്പിക തർക്കത്തിന്റെ അനുകരണമാണ് മത്സരം. രാജ്യങ്ങൾ തമ്മിലുള്ള സാങ്കൽപ്പിക നിയമ തർക്കത്തിന്റെ പശ്ചാത്തലത്തിൽ പൊതു അന്താരാഷ്‌ട്ര നിയമത്തിന്റെ സമയോചിതമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ അപേക്ഷകൾ അവതരിപ്പിക്കുന്നതിലൂടെ നിയമ വിദ്യാർത്ഥികളുടെ ടീമുകൾ പരസ്പരം മത്സരിക്കുന്നു.  മൂട്ടിന്റെ വേൾഡ് റൗണ്ടുകൾ സാധാരണയായി വാഷിംഗ്ടൺ ഡിസിയിലാണ് നടക്കാറുള്ളതെങ്കിലും കോവിഡ് കാരണം ഈ വർഷം മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെ തീയതികളിൽ ഓൺലൈനായി നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K